ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം സംബന്ധിച്ച വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാഹുലിന്റെ പൗരത്വം സംബന്ധിച്ച് തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) നിർദ്ദേശം നൽകണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിൽ “വിഷയം പരിഗണനയിലാണ്,” എന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ പറഞ്ഞത്.
സമാനമായ കേസ് ഏറ്റെടുത്ത അലഹബാദ് ഹൈക്കോടതി, നടപടിക്രമങ്ങളുടെ ഫലം അറിയിക്കാൻ അടുത്തിടെ മന്ത്രാലയത്തിന് നാല് ആഴ്ച സമയം അനുവദിച്ചതായും ബെഞ്ചിനെ അറിയിച്ചു.
തുടർന്ന് “ഞങ്ങൾക്ക് നിർബന്ധിക്കാൻ കഴിയില്ല. നടപടികൾ മന്ത്രാലയത്തിന് മുന്നിലാണ്. തീരുമാനമെടുക്കേണ്ടത് മന്ത്രാലയമാണ്. മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല, കൂടാതെ മന്ത്രാലയത്തിന് മുമ്പാകെയുള്ള നടപടിക്രമങ്ങളിൽ കക്ഷിയായ ആർക്കും ഒരു നിർദ്ദേശവും നൽകാൻ കഴിയില്ല,” എന്ന് കോടതി വ്യക്തമാക്കി.