ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ് കോൺഗ്രസ് . ഒരാൾ പോലുമില്ലാത്ത ഡൽഹി കോൺഗ്രസ് ഓഫീസിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട് .
സമീപകാലത്തെ കോൺഗ്രസിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ബീഹാറിലേത് . 2020 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 70 സീറ്റുകളിൽ 19 എണ്ണം മാത്രമേ നേടിയിള്ളൂ. ഇത്തവണ കനത്ത തോൽവി ഏറ്റുവാങ്ങിയ സ്ഥാനാർത്ഥികളിൽ ബിഹാർ കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കുമാറും ഉൾപ്പെടുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ ബീഹാർ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചത് കോൺഗ്രസാണ്.
എസ്ഐആറിന്റെ മറവിൽ വൻതോതിൽ വോട്ട് തട്ടിപ്പ് നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ, ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ബീഹാറിലെ ജനങ്ങൾ “വോട്ട് ചോരി”യെയും അനുബന്ധ ആരോപണങ്ങളെയും മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളഞ്ഞു എന്നാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 240 സീറ്റുകൾ നേടിയ ബിജെപിക്ക് തെലുങ്കുദേശം പാർട്ടിയുടെ 16 സീറ്റുകളും ജനതാദൾ (യുണൈറ്റഡ്) യുടെ 12 സീറ്റുകളും ഉൾപ്പെടെ 293 എംപിമാരുടെ പിന്തുണയുണ്ട്. ബീഹാറിലെ 40 സീറ്റുകളിൽ 30 എണ്ണവും എൻഡിഎയ്ക്ക് നേടാൻ കഴിഞ്ഞു. വരാനിരിക്കുന്ന അസം, ബംഗാൾ തിരഞ്ഞെടുപ്പുകളിലും ഈ വിജയം ഒരു ശക്തിയായിരിക്കുമെന്നാണ് എൻഡിഎയുടെ ആത്മവിശ്വാസം.

