ഗുവാഹത്തി: അസമിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ റെയ്ഡിൽ ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരരെന്ന് സംശയിക്കുന്ന 4 പേരെ അറസ്റ്റ് ചെയ്തു. അസമിലെ ഗോൾപാറ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് . ഡിസംബർ 12 ന് പുലർച്ചെ മൂന്ന് മണി മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തിയിരുന്നു.
സഹനൂർ ആലം, ജോയ്നൽ അബെദീൻ, സഹനൂർ ഇസ്ലാം, അബു തലേബ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഗോൾപാറ റിസർവ് പോലീസ് ഔട്ട്പോസ്റ്റിൽ ചോദ്യം ചെയ്തുവരികയാണ്. അസം പോലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായി ചേർന്നാണ് എൻഐഎയുടെ റെയ്ഡ് . ജില്ലയിലെ കൃഷ്ണൈ, തുകുര, ബാർപഹാർ, ഗോബിന്ദപുര്ചല എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് നാലു പേർ പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ജില്ലയിൽ നടത്തിയ തിരച്ചിലിനിടെ ഷെയ്ഖ് സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു . നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട് . അറസ്റ്റിലായ ഷെയ്ഖ് സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി തീവ്രവാദ സംഘടനയ്ക്ക് ഫണ്ട് സംഘടിപ്പിക്കുന്നത് ഉൾപ്പെടെ ലഷ്കർ ഇ ടിക്ക് സഹായമൊരുക്കുകയായിരുന്നുവെന്ന് അസം പോലീസ് പറഞ്ഞു.