ബെംഗളൂരു : ‘ കൊല്ലപ്പെട്ടെന്ന് ‘ കരുതിയ യുവതി നേരിട്ട് കോടതിയിൽ എത്തിയതോടെ ഭർത്താവിന് കൊലക്കേസിൽ നിന്ന് മോചനം. കർണാടകയിലെ ബസവനഹള്ളിയിലാണ് സംഭവം . രണ്ട് വർഷത്തോളം വിചാരണത്തടവ് അനുഭവിച്ച കുടക് ജില്ലയിലെ കുശാൽ നഗർ ബസവനഹള്ളി ആദിവാസി കോളനിയിലെ കെ. സുരേഷിനെ(35)യാണ് മൈസൂരു കോടതി വ്യാഴാഴ്ച വെറുതേവിട്ടത്.
2020 ഡിസംബറിലാണ് സുരേഷിന്റെ ഭാര്യ മല്ലികയെ കാണാതാകുന്നത് . തുടർന്ന് സുരേഷ് പോലീസിൽ പരാതി നൽകി. മിസ്സിംഗ് കേസ് ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ, ബേട്ടദാരപുര എന്ന സ്ഥലത്ത് നിന്ന് ഒരു സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം പോലീസ് കണ്ടെടുത്തു. ഇത് മല്ലികയുടെ മൃതദേഹമാണെന്നും ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് നാടകം കളിച്ചുവെന്നും പോലീസ് ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിഷേധം ശക്തമായതോടെ സുരേഷിനെ അറസ്റ്റ് ചെയ്തു. സുരേഷിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു..
അസ്ഥികൂടം മല്ലികയുടേതാണെന്ന് എങ്ങനെ തെളിഞ്ഞുവെന്ന് കോടതി ചോദിച്ചു. വിചാരണ വേളയിൽ ഏഴു സാക്ഷികൾ മല്ലിക ജീവിച്ചിരിപ്പുണ്ടെന്ന് മൊഴി നൽകി. കഴിഞ്ഞ ദിവസം വരെ വാദവും നടന്നു. അതിനിടയിലാണ് ട്വിസ്റ്റ്
കേസിലെ സാക്ഷി കൂടിയായ സുരേഷിൻ്റെ സുഹൃത്താണ് മല്ലികയെ കണ്ടത്. മടിക്കേരിയിലെ ഒരു ഹോട്ടലിൽ മറ്റൊരാളോടൊപ്പം അത്താഴം കഴിക്കുകയായിരുന്നു. സുരേഷിൻ്റെ സുഹൃത്ത് മല്ലികയെ കൈയ്യോടെ മടിക്കേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരം കോടതിയെയും അറിയിച്ചു. കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്നും വിവാഹം കഴിച്ച ശേഷം അയാളോടൊപ്പമാണ് താമസിക്കുന്നതെന്നും മല്ലിക കോടതിയിൽ വെളിപ്പെടുത്തി.
ഇതോടെ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കോടതി വിലയിരുത്തി. കേസിൻ്റെ മുഴുവൻ വിശദാംശങ്ങളും സമർപ്പിക്കാൻ എസ്പിയോട് കോടതി നിർദേശിച്ചു. അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താനും ഉത്തരവിട്ടു