കൊച്ചി : കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി . പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച തട്ടിക്കൊണ്ടുപോകൽ കേസിലാണ് ഉത്തരവ് . മധ്യപ്രദേശ് പോലീസ് ഈ കാലയളവിൽ ഫർമാനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം. ഈ സമയത്തിനുള്ളിൽ മുൻ കൂർ ജാമ്യത്തിനായി ഫർമാന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
മധ്യപ്രദേശ് കോടതിയിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുള്ളത് . കേസ് കേരളത്തിൽ അല്ലാത്തതിനാൽ ട്രാൻസിറ്റ് ജാമ്യഹർജിയായി മാത്രമേ ഫർമാനെ ഹർജി പരിഗണിക്കാനാകൂവെന്നും കോടതി പറഞ്ഞു. ഇതനുസരിച്ചുള്ള സമയം നൽകിയാണ് ഇന്ന് കോടതി വിധി പറഞ്ഞത്.
വിവാഹത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതിനായി അവരെ പ്രായപൂർത്തിയാകാത്തവളായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ദമ്പതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എം. ശശീന്ദ്രൻ വാദിച്ചു.മിശ്രവിവാഹത്തിന്റെ പേരിൽ മതമൗലികവാദ ഗ്രൂപ്പുകളും മധ്യപ്രദേശ് ഭരണകൂടത്തിലെ ചില വിഭാഗങ്ങളും ദമ്പതികളെ ലക്ഷ്യം വയ്ക്കാൻ ശ്രമിക്കുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വരൻ മുസ്ലീമാണെങ്കിലും ഹിന്ദു ആചാരങ്ങൾക്കനുസൃതമായി വിവാഹം നടത്തിയതിനാൽ നിയമപരമായി നിലനിൽക്കില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു. പെൺകുട്ടിയുടെ യഥാർത്ഥ ജനനത്തീയതി 2009 ഡിസംബർ ആണെന്നും, അതായത്, വിവാഹ സമയത്ത് പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.അതിനാൽ കുട്ടികളുടെ സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കേസിൽ പ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
നടപടികൾക്കിടെ, ഫർമാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിൽ വ്യാജരേഖ ചമയ്ക്കൽ സംബന്ധിച്ച കുറ്റകൃത്യങ്ങളും ചേർക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.ജനന, വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വ്യാജ രേഖകൾ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
നേരത്തെ ഫർമാൻ നൽകിയ മുൻകൂർ ജാമ്യഹർജിയെ മധ്യപ്രദേശ് പൊലീസ് ശക്തമായി എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നായിരുന്നു പൊലീസ് നിലപാട്. മകളെ തട്ടിക്കൊണ്ടുപോയെന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയ്ക്കൊപ്പം പോക്സോ കേസും, പട്ടികജാതി , പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും ഫർമാനെതിരെ കേസെടുക്കുകയായിരുന്നു.

