ലണ്ടൻ ; ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമ നശിപ്പിച്ചതിനെ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ . ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് പ്രതിമ തകർത്തത്.
രാഷ്ട്രപിതാവിനെ ധ്യാനനിരതനായി ഇരിക്കുന്ന നിലയിൽ ചിത്രീകരിക്കുന്ന പ്രതിമയുടെ അടിത്തറയിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളും പതിച്ചിരുന്നു. സ്മാരകം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെങ്കിലും, സംഭവത്തിൽ കടുത്ത പ്രതിഷേധം തദ്ദേശ അധികാരികളെ അറിയിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
“ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച ലജ്ജാകരമായ പ്രവൃത്തിയിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അഗാധമായി ദുഃഖം പ്രകടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നു,” ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
“ഇത് വെറും നശീകരണ പ്രവർത്തനമല്ല, മറിച്ച് അന്താരാഷ്ട്ര അഹിംസാ ദിനത്തിന് മൂന്ന് ദിവസം മുമ്പ്, അഹിംസയുടെ ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുള്ള ആക്രമണമാണ്. അടിയന്തര നടപടിക്കായി ഞങ്ങൾ പ്രാദേശിക അധികാരികളോട് ഇത് ശക്തമായി ഉന്നയിച്ചിട്ടുണ്ട്, കൂടാതെ പ്രതിമ അതിന്റെ യഥാർത്ഥ രീതിയിലേയ്ക്ക് പുനഃസ്ഥാപിക്കുന്നതിനായി അധികാരികളുമായി ഏകോപിപ്പിക്കുന്നതിനായി ഞങ്ങളുടെ ടീം ഇതിനകം സ്ഥലത്തുണ്ട്,” എന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യാ ലീഗിന്റെ പിന്തുണയോടെ സൃഷ്ടിച്ച വെങ്കല പ്രതിമ, 1968 ൽ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിയമ വിദ്യാർത്ഥിയായിരിക്കെ മഹാത്മാഗാന്ധി ജീവിച്ച ദിവസങ്ങളുടെ ആദരസൂചകമായാണ് സ്ക്വയറിൽ അനാച്ഛാദനം ചെയ്തത്. അതേസമയം ആക്രമണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണേന്ന് മെട്രോപൊളിറ്റൻ പോലീസും പ്രാദേശിക കാംഡൻ കൗൺസിൽ അധികൃതരും പറഞ്ഞു.

