ന്യൂഡൽഹി ; ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണം ഒരു ഭീകരപ്രവർത്തനമാണെന്ന് സമ്മതിച്ച് മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി . ലഷ്കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകൾ ഇപ്പോഴും പാകിസ്ഥാനിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. തന്റെ രാജ്യത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഒരു പാകിസ്ഥാൻ നേതാവ് സമ്മതിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യൻ പത്രപ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിലാവൽ ഭൂട്ടോ സർദാരി .
“ആക്രമണത്തിൽ മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും വേദന എനിക്ക് മനസ്സിലാകും. ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) പോലുള്ള തീവ്രവാദ സംഘടനകൾ ഇപ്പോഴും പാകിസ്ഥാനിൽ നിലനിൽക്കുന്നുണ്ട് . “ ബിലാവൽ ഭൂട്ടോ പറഞ്ഞു.
എന്നാൽ പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാൻ സർക്കാരിന്റെയോ സൈന്യത്തിന്റെയോ പങ്ക് ബിലാവൽ ഭൂട്ടോ നിഷേധിച്ചു. അത്തരം ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു . പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്നും പാകിസ്ഥാൻ തന്നെ ഭീകരതയാൽ വല്ലാതെ കഷ്ടപ്പെടുകയാണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.. “ഭീകരതയിൽ നമുക്ക് 92,000-ത്തിലധികം ജീവൻ നഷ്ടപ്പെട്ടു. ഇതിൽ, കഴിഞ്ഞ വർഷം 200-ലധികം ആക്രമണങ്ങളിലായി 1,200 സാധാരണക്കാർ മരിച്ചു. ഇത് തുടർന്നാൽ, 2025 പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ വർഷമായിരിക്കും,” അദ്ദേഹം പറഞ്ഞു.
പഹൽഗാം സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ബിലാവൽ ഭൂട്ടോ, നിഷ്പക്ഷമായ അന്താരാഷ്ട്ര അന്വേഷണത്തിൽ പങ്കുചേരാൻ പാകിസ്ഥാൻ വാഗ്ദാനം ചെയ്തതായും , എന്നാൽ ഇന്ത്യ ആ വാഗ്ദാനം നിരസിച്ചുവെന്നും അവകാശപ്പെട്ടു.

