ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് അന്വേഷണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസ് അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി സാമ്പത്തിക, ഇടപാട് വിശദാംശങ്ങൾ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി പോലീസ് പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ശിവകുമാറിന്റെ കൈവശമുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) നൽകിയ നോട്ടീസിൽ പറയുന്നു.
നവംബർ 29 ന് പുറപ്പെടുവിച്ച നോട്ടീസിൽ, ഡിസംബർ 19 നകം ഹാജരാകാനോ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാനോ ശിവകുമാറിനോട് ആവശ്യപ്പെടുന്നുണ്ട് . അദ്ദേഹത്തിന്റെ വ്യക്തിപരമായ പശ്ചാത്തലം, കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം, അദ്ദേഹമോ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളോ യംഗ് ഇന്ത്യന്‍ കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകൾ എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ശിവകുമാറിന്റെ ബാങ്ക് ട്രാൻസാക്ഷൻസ് , ഈ ഫണ്ടുകളുടെ ഉറവിടം, അദ്ദേഹവും യംഗ് ഇന്ത്യൻ അല്ലെങ്കിൽ എഐസിസി (ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണങ്ങളുടെ വിശദാംശങ്ങൾ, ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാണോ പേയ്മെന്റുകൾ നടത്തിയത് , ഫണ്ടുകളുടെ ഉപയോഗത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നോ എന്നിവ ഇഒഡബ്ല്യുവിന്റെ ചോദ്യങ്ങളിൽ ഉൾപ്പെടുന്നു.
ആദായനികുതി രേഖകൾ, സാമ്പത്തിക പ്രസ്താവനകൾ, എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. 2013-ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് കേസ് നൽകിയത്.

