ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ആരംഭിച്ച് പോലീ. കമ്മീഷണർ എസ്.ബി.കെ. സിംഗ് പുതിയ ഉത്തരവുകളും പുറപ്പെടുവിച്ചു. ഇത് പ്രകാരം, 2025 ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 16 വരെ ഡ്രോണുകൾ, പാരാ-ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ, എന്നിവയ്ക്ക് പൂർണ്ണ നിരോധനമേർപ്പെടുത്തി . തലസ്ഥാനനഗരിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യതകൾ തടയുന്നതിനുമാണ് ഈ തീരുമാനം.
2023 ലെ ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിന്റെ സെക്ഷൻ 163 പ്രകാരമാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ സാമൂഹിക വിരുദ്ധരും ഇന്ത്യാ വിരുദ്ധരുമായ ചില ഘടകങ്ങൾ ഡ്രോൺ അടക്കമുള്ളവ ദുരുപയോഗം ചെയ്തേക്കാം എന്ന് പോലീസ് പറയുന്നു. ഇത് പൊതുജനങ്ങളുടെയും പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും സുരക്ഷയ്ക്ക് ഭീഷണിയായേക്കാം.ഈ ഉത്തരവ് 2025 ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 16 വരെ പ്രാബല്യത്തിൽ ഉണ്ടാകും.ഉത്തരവ് ലംഘിച്ചാൽ ഇന്ത്യൻ നീതിന്യായ കോഡിലെ സെക്ഷൻ 223 പ്രകാരം കർശന നടപടി സ്വീകരിക്കും.
ഈ ഉത്തരവ് എല്ലാ വ്യക്തികൾക്കും ബാധകമാകുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി, ഡിസിപി, എസിപി, താന ഓഫീസ്, തഹസിൽ ഓഫീസ്, എൻഡിഎംസി, എംസിഡി, പിഡബ്ല്യുഡി, ഡിഡിഎ, ഡൽഹി കാന്റ് ബോർഡ് തുടങ്ങിയ ബന്ധപ്പെട്ട എല്ലാ ഓഫീസുകളുടെയും നോട്ടീസ് ബോർഡുകളിൽ ഇത് പരസ്യമായി പ്രദർശിപ്പിക്കും.

