ബെംഗളൂരു: ബെംഗളൂരുവിൽ മാലിന്യ ലോറിക്കുള്ളിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു.സ്ത്രീയുടെ ലിവ്-ഇൻ പങ്കാളിയായ അസം സ്വദേശി ഷംസുദ്ദീൻ (33) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് ശേഷം 20 മണിക്കൂറിനുള്ളിൽ അറസ്റ്റ് നടന്നതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവിലെ ഹുലിമാവു നിവാസിയായ ആശ (40) ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. വിധവയായ ആശയുമായി ഷംസുദ്ദീൻ ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. നാല് മാസം മുമ്പാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ഇരുവരും ഒരേ ഹൗസ് കീപ്പിംഗ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഒരുമിച്ച് താമസിച്ചിരുന്ന ഇവർ അയൽക്കാരോട് ഭാര്യാഭർത്താക്കന്മാരാണെന്നാണ് പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും തമ്മിൽ ഉണ്ടായ കടുത്ത വഴക്കാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. ഞായറാഴ്ച ഷംസുദ്ദീൻ വീട്ടിലെത്തി ആശയുമായി വഴക്കുണ്ടാക്കിയിരുന്നു. വഴക്ക് ശാരീരിക പീഡനത്തിലേക്ക് നീങ്ങി. തുടർന്ന് ഷംസുദ്ദീൻ ആശയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹം ഒരു ബാഗിലാക്കി ബൈക്കിൽ കയറ്റി മൃതദേഹം മാലിന്യ ട്രക്കിനു സമീപം ഉപേക്ഷിച്ചു. പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

