തിരുവനന്തപുരം : പിഎസ്എൽവി ദൗത്യത്തിന്റെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരം സന്ദർശിച്ചതായി റിപ്പോർട്ടുകൾ .പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡോവൽ എത്തിയതെന്നും , ബഹിരാകാശ വകുപ്പിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചുവെന്നുമാണ് സൂചന.
അജിത് ഡോവലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പിഎസ്എൽവി ദൗത്യ പരാജയം അട്ടിമറി മൂലമല്ലെന്ന് കേന്ദ്ര ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ് മാധ്യമങ്ങളെ അറിയിച്ചു. പിഎസ്എൽവി ദൗത്യം രണ്ടുതവണ പരാജയപ്പെട്ടു . രണ്ട് തവണയും വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് പരാജയം സംഭവിച്ചത്.
ആവർത്തിച്ചുള്ള പരാജയങ്ങളെത്തുടർന്ന്, ഐഎസ്ആർഒ പ്രത്യേക പരാജയ വിശകലന സമിതി രൂപീകരിച്ചു. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത് . പരാജയത്തിന്റെ കാരണം കണ്ടെത്താൻ ഏകദേശം മൂന്ന് ദിവസമായി ഐ.എസ്.ആർ.ഒയുടെ വിവിധ വിഭാഗങ്ങളുമായി സംഘം വിപുലമായ ചർച്ചകൾ നടത്തി.
തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം അജിത് ഡോവൽ സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തി. അട്ടിമറി സാധ്യതയില്ലെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പി.എസ്.എൽ.വി പരാജയത്തിലേക്ക് നയിച്ച സാങ്കേതിക പ്രശ്നം ഐ.എസ്.ആർ.ഒ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിലും അടുത്ത ദൗത്യത്തിനായുള്ള പദ്ധതികൾ തയ്യാറാക്കുന്നതിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

