ന്യൂഡൽഹി ; കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിൽ വിമാന, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിവിധ വിമാനത്താവളങ്ങളിൽ റൺവേ ദൃശ്യപരത ഏറ്റവും താഴ്ന്ന നിലയിൽ ആയതിനാൽ 202 വിമാനങ്ങൾ വൈകി.
മോശം കാലാവസ്ഥ കാരണം അമൃത്സറിലേക്കും ഗുവാഹത്തിയിലേക്കുമുള്ള എല്ലാ വിമാനങ്ങളും തടസ്സപ്പെട്ടതായി സ്പൈസ് ജെറ്റ് അറിയിച്ചു. ഡൽഹി, അമൃത്സർ, ലഖ്നൗ, ബാംഗ്ലൂർ, ഗുവാഹത്തി റൂട്ടുകളിൽ ഗതാഗതത്തിൽ സമയത്തിൽ വ്യത്യാസമുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
കാലാവസ്ഥ ഇങ്ങനെ തുടർന്നാൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയേക്കുമെന്നും വിമാനക്കമ്പനികൾ അറിയിച്ചു.ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന 24 ട്രെയിനുകളാണ് മൂടൽ മഞ്ഞ് മൂലം വൈകിയത്. അയോധ്യ എക്സ്പ്രസ് നാല് മണിക്കൂർ വൈകി. ഗോരഖ്ധാം എക്സ്പ്രസ് രണ്ട് മണിക്കൂറിലധികവും ബിഹാർ ക്രാന്തി എക്സ്പ്രസും ശ്രം ശക്തി എക്സ്പ്രസും മൂന്ന് മണിക്കൂറിലധികവും വൈകി.
ഹരിയാനയിലെ ഹിസാറിൽ മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ഡൽഹി, നോയിഡ, ഗുരുഗ്രാം, ലഖ്നൗ, ആഗ്ര, കർണാൽ, ഗാസിയാബാദ്, അമൃത്സർ, ജയ്പൂർ തുടങ്ങിയ ഇടങ്ങളിൽ ദൃശ്യപരത വളരെ കുറവാണ് റിപ്പോർട്ട് ചെയ്തത്.