ഡബ്ലിൻ: അയർലൻഡിൽ താമസസൗകര്യത്തിനായി വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിൽ സർക്കാരിനെ വിമർശിച്ച് സിൻ ഫെയ്ൻ. ഉന്നത വിദ്യാഭ്യാസ രംഗത്തെ പാളിച്ചകളാണ് വിദ്യാർത്ഥികളുടെ ദുരിതത്തിന് കാരണം ആയതെന്ന് സിൻ ഫെയ്ൻ നേതാവ് ഡോണ മക്ഗെറ്റിഗൻ പറഞ്ഞു. അവധിയ്ക്ക് ശേഷം കോളേജുകൾ വീണ്ടും തുറക്കാനിരിക്കെയാണ് വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.
ക്യാമ്പസുകൾക്കടുത്ത് താമസസൗകര്യം ലഭിക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് വിദ്യാർത്ഥികൾ അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിൽ പ്രതിഷേധിച്ച് ഗാൽവേ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ തെരുവിൽ ഉറങ്ങി പ്രതിഷേധിച്ചിരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് താമസസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി മക്ഗെറ്റിൻ ചൂണ്ടിക്കാട്ടി. വാടക നിരക്കുകൾ വലിയ തോതിൽ ഉയരുകയാണ്. ഇതെല്ലാം ഉന്നത വിദ്യാഭ്യാസമെന്ന വിദ്യാർത്ഥികളുടെ ലക്ഷ്യത്തിന് തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.

