ഡബ്ലിന്‍ : പുതിയ വാടക നിയമങ്ങള്‍ വളരെ വേഗത്തിൽ നടപ്പാക്കണമെന്ന് വീട്ടുടമസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് . മാര്‍ച്ച് ഒന്നുമുതലാണ് പരിഷ്കരിച്ച നിയമം പ്രാബല്യത്തില്‍ വരുന്നത്.എപ്പോഴാണ് വാടകകള്‍ റീ സെറ്റ് ചെയ്യേണ്ടതെന്ന് നിയമം വ്യക്തമാക്കുന്നുണ്ടെന്നും നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആര് ടി ബി വ്യക്തമാക്കി.
മാറ്റങ്ങള്‍ പ്രധാനമായും മാര്‍ച്ച് ഒന്ന് മുതല്‍ ഒപ്പുവെച്ച പുതിയ വാടക കരാറുകള്‍ക്കാണ് ബാധകമാവുക.നിലവിലുള്ള വാടകക്കാരെ വലിയ തോതില്‍ ബാധിക്കില്ല. വീട്ടുടമക്ക് കാരണമില്ലാതെ വാടകക്കാരനെ പുറത്താക്കാന്‍ കഴിയില്ല. അതിന് നിയമപരമായ കാരണവും ശരിയായ നോട്ടീസും ആവശ്യമാണ്.
ഇതനുസരിച്ച് വാടക വര്‍ദ്ധന വര്‍ഷത്തില്‍ രണ്ട് ശതമാനമോ പണപ്പെരുപ്പത്തിന് അനുസൃതമായോ പരിമിതപ്പെടുത്തും.പുതിയ കരാറുകളുടെ കാലാവധി ആറ് വര്‍ഷമായിരിക്കും. വാടക അവലോകനം ചെയ്യണമെങ്കില്‍ വാടകക്കാരന് റിവ്യു നോട്ടീസ് അയയ്ക്കണം. അതിനു മുമ്പ് തന്നെ റിവ്യു ആര് ടി ബിയ്ക്ക് അയയ്ക്കേണ്ടതുണ്ട്.ഞായറാഴ്ച മുതല്‍ പുതിയ വാടകക്കാര്‍ക്ക് മാര്‍ക്കറ്റ് നിരക്കില്‍ വാടക പുനക്രമീകരിക്കാന്‍ ഭൂവുടമകള്‍ക്ക് കഴിയും.

