ഡബ്ലിന്‍ : മെട്രോലിങ്ക് നിര്‍മ്മാണത്തിനായി അയര്‍ലൻഡില്‍ എത്തുന്ന വിദേശതൊഴിലാളികള്‍ക്ക് വേതനവും താമസസൗകര്യങ്ങള്‍ അടക്കമുള്ള അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് സിപ്ടു.
പദ്ധതി നിര്‍മ്മാണത്തിന് 8,000 വിദേശ തൊഴിലാളികളെ ആവശ്യമാണെന്ന് ഗതാഗത മെട്രോലിങ്ക് പ്രോഗ്രാം ഡയറക്ടര്‍ ഷോണ്‍ സ്വീനി വെളിപ്പെടുത്തിയിരുന്നു. തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും 2028ലേ നിര്‍മ്മാണം പദ്ധതി ആരംഭിക്കാനാകൂ . ഇന്റര്‍ നാഷണല്‍ കമ്പനിയായിരിക്കും പദ്ധതി കരാറെടുക്കുക.
രാജ്യത്തെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിദേശ തൊഴിലാളികള്‍ക്കും ഉറപ്പാക്കണം. മാത്രമല്ല അവര്‍ എവിടെ താമസിക്കുമെന്നത് സംബന്ധിച്ചും വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കണം.നിലവിലെ നിയമപരമായ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ കരാറുകാരനെയോ സബ് കോണ്ട്രാക്ടറേയോ അനുവദിക്കരുതെന്നും യൂണിയന് വ്യക്തമാക്കി.
അക്കമൊഡേഷന്‍ സ്ട്രാറ്റജിയില്ലെങ്കില് ഓവര്ക്രൗഡിംഗിന് കാരണമാകും. അനുയോജ്യമല്ലാത്തയിടങ്ങളില്‍ താമസിക്കേണ്ടതായും വരും.ഇത് പ്രതിസന്ധിയുണ്ടാക്കും-യൂണിയന് മുന്നറിയിപ്പ് നല്കി.വലിയ തൊഴില്‍സേനയെ ഡബ്ലിന്‍ നഗരത്തില്‍ താമസിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ ‘ ഒളിമ്പിക് വില്ലേജ് പോലെയുള്ള‘ പ്രത്യേക താമസ സമുച്ചയം പണികഴിപ്പിക്കാനും കഴിയണമെന്നും യൂണിയൻ പറഞ്ഞു.

