18ാം വയസ്സിൽ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച നേതാവാണ് ശ്രീജിത്ത് മാസ്റ്റർ. മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം അദ്ദേഹത്തിനുണ്ട്. ഔദ്യോഗിക ജീവിതം ചുമതലകളിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തിയെങ്കിലും ഉള്ളിലെ രാഷ്ട്രീയ വീര്യം കുറഞ്ഞില്ല. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിന് തൊട്ട് പിന്നാലെ സ്ഥാനാർത്ഥിയായി ജനങ്ങൾക്കിടയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശ്രീജിത്ത് മാസ്റ്റർ.
കൊക്കേൻപാറയിലെ മൂന്നാം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിട്ടാണ് ശ്രീജിത്ത് മാസ്റ്റർ മത്സരിക്കുന്നത് . വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു മുഖ്യധാര രാഷ്ട്രീയത്തിലേക്കുള്ള ശ്രീജിത്ത് മാസ്റ്ററുടെ കടന്നുവരവ്. യൂത്ത് കോൺഗ്രസിന്റെ പള്ളിക്കുന്ന് ഒന്നാം വാർഡ് പ്രസിഡന്റായും കോൺഗ്രസിന്റെ പള്ളിക്കുന്ന് മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. പിന്നീട് സർക്കാർ ജോലി ശ്രീജിത്തിനെ തേടിയെത്തുകയായിരുന്നു. ഇതോടെ ചുമതലകളിൽ നിന്നും മാറി നിന്നു. എന്നാൽ പൊതുപ്രവർത്തന രംഗത്ത് തുടർന്നു. 2024 ൽ സർവീസിൽ നിന്നും പിരിഞ്ഞതോടെ കോൺഗ്രസിന്റെ നാലാം വാർഡ് പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വീണ്ടുമെത്തി.
പള്ളിക്കുന്ന് ഹൈസ്കൂളിലായിരുന്നു ശ്രീജിത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് എസ് എൻ കോളേജിൽ ബിഎസ് സിി മാത്തമാറ്റിക്സിന് ചേർന്നു. പിന്നീട് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എഡും പൂർത്തിയാക്കി. അധ്യാപനം ആയിരുന്നു ആഗ്രഹം.
പഠനം പൂർത്തിയാക്കിയതോടെ ട്യൂട്ടോറിയൽ അധ്യാപകനായി തൊഴിൽ രംഗത്ത് ഹരിശ്രീ കുറിച്ചു. കുറച്ചുകാലം ചിന്മയ വിദ്യാലയത്തിലേയും അധ്യാപകനായിരുന്നു. പിന്നീട് സർവ്വശിക്ഷാ അഭിയാൻ എന്ന പ്രോജക്റ്റിലൂടെ പത്തുവർഷം കണ്ണൂരിൽ അധ്യാപക പരിശീലകനായും ബ്ലോക്ക് പ്രോഗ്രാം ഓഫീസറായും ജോലി ചെയ്തു. 7 വർഷത്തോളം കണ്ണൂർ കല്യാശ്ശേരി ഹൈസ്കൂൾ അധ്യാപകൻ കൂടി ആയിരുന്നു.
അധ്യാപകനായിരുന്നത് കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ ശ്രീജിത്തിന് നന്നായി അറിയാം. ഇന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ തൊഴിൽ തേടി പോകുന്നത് അന്യദേശത്തേയ്ക്കാണ്. ഇതിനൊരു പരിഹാരം കാണുകയാണ് അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം. വിദ്യാർത്ഥികൾക്കായി മികച്ച കളിസ്ഥലം നിർമ്മിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് കൊക്കേൻപാറയിലെ മൂന്നാം ഡിവിഷൻ. എൽഡിഎഫിന്റെ ഷാജി കുന്നാവിനെയും എൻഡിഎയുടെ പി മഹേഷിനെയുമാണ് ശ്രീജിത്ത് ഇക്കുറി നേരിടുന്നത്.വാശിയേറിയ പോരാട്ടത്തിനാകും ഇക്കുറി ഈ വാർഡ് സാക്ഷിയാകുക എന്ന കാര്യത്തിൽ സംശയമില്ല. ഈ പോരാട്ടത്തിൽ വിജയം തന്നെ തുണയ്ക്കുമെന്നാണ് ശ്രീജിത്തിന്റെ പ്രതീക്ഷ.

