തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളക്കരയുടെ ശ്രദ്ധ എറണാകുളത്തും കോഴിക്കോടുമാണ്. രണ്ട് ജില്ലകളിൽ നിന്നുകൊണ്ട് ഒരേ പാർട്ടിയുടെ സ്ഥാനാർത്ഥികളായി അമ്മയും മകളും മത്സരിക്കുന്നു. സീനയും അപർണയും. എൻഡിഎ സ്ഥാനാർത്ഥികളാണ് ഇരുവരും.
കോഴിക്കോട് ജില്ലയിലെ മണിയൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് സീന മത്സരിക്കുന്നത്. എറണാകുളം ജില്ലയിലെ വെങ്ങോല ഡിവിഷനാണ് അപർണയുടെ തട്ടകം. രണ്ടാം തവണയാണ് സീന എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഇത്തവണ മണിയൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ആണെങ്കിൽ കഴിഞ്ഞ തവണ ഇതേ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആയിരുന്നു മത്സരിച്ചത്.
യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിക്കാറുള്ള വാർഡ് ആണിത്. എന്നാൽ കഴിഞ്ഞ രണ്ടുതവണയും യുഡിഎഫിനായിരുന്നു ഊഴം .ഇത്തവണ ആ അവസരം സീനയിലൂടെ നേടാനാണ് എൻഡിഎയുടെ പരിശ്രമം. നാലാം വാർഡ് എന്നത് മലയോര പ്രദേശമാണ്. ഇവിടെയുള്ള നാട്ടുകാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടിവെള്ളത്തിന്റെ ലഭ്യത കുറവ്.
കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ജലനിധി പദ്ധതിയിലൂടെ ലഭിക്കുന്ന പൈപ്പ് വെള്ളത്തെയാണ്.എന്നാൽ ഈ പൈപ്പ് വെള്ളം കൃത്യമായി അവർക്ക് ലഭിക്കാറില്ല. അതുപോലെതന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് 4 ആം വാർഡിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ഇല്ലാത്തത്. ഇവിടത്തുകാർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകണമെങ്കിൽ 6 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. ഇവയ്ക്കൊക്കെ പരിഹാരം കാണാൻ കൃത്യമായ പദ്ധതികളുണ്ട് സീനയുടെ പക്കൽ.
കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൽ ജീവൻ മിഷൻ പദ്ധതി പ്രയോജനപ്പെടുത്തുക എന്നതാണ് ആദ്യത്തേത്. 4ാം വാർഡിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം നിർമിച്ചു നൽകാനും സീന ആഗ്രഹിക്കുന്നു. പഠനകാലത്ത് എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കുള്ള അപർണയുടെ ചുവടുവെപ്പ്.
2014 മുതൽ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നു അപർണ. കോഴിക്കോട് സ്വദേശിനിയായ അപർണ വിവാഹ ശേഷമാണ് എറണാകുളത്തെ പൊതുപ്രവർത്തനങ്ങളിൽ സജീവമായി തുടങ്ങിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് രൂപീകരിച്ച പാർട്ടിയായ ട്വന്റി20 യാണ് നിലവിൽ വെങ്ങോല ഡിവിഷൻ ഭരിക്കുന്നത്. 2010 ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫായിരുന്നു ഈ ഡിവിഷനിൽ വിജയിച്ചത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ട്വിന്റി20 ഈ സീറ്റ് പിടിച്ചെടുത്തു.ഈ ഡിവിഷൻ ഇത്തവണ വാശിയേറിയ പോരാട്ടത്തിന് ആയിരിക്കും സാക്ഷ്യം വഹിക്കുന്നത്.
എബിവിപിയുടെ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, എബിവിപിയുടെ യൂണിവേഴ്സിറ്റി യൂണിറ്റ് സെക്രട്ടറി, എബിവിപിയുടെ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ അപർണ വഹിച്ചിട്ടുണ്ട്. കൂടാതെ എബിവിപിയുടെ ദേശീയ നിർവാഹക സമിതി അംഗവുമായിരുന്നു അപർണ.
ആവാസ് യോജന പദ്ധതി വഴി എല്ലാവർക്കും വീട് നിർമ്മിച്ചു നൽകുക, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുക, യുവജനങ്ങൾക്കായി കേന്ദ്രസർക്കാർ പദ്ധതികൾ ഉപയോഗിച്ച് തൊഴിലവസരങ്ങൾ നൽകുക, സൗജന്യ പി എസ് സി കോച്ചിംഗ് സെന്റർ,ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ നിർമ്മിക്കുക ,വയോജനങ്ങൾക്കുളള കേന്ദ്രസർക്കാർ പദ്ധതികൾ ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കന്നിയങ്കത്തിനിറങ്ങുന്ന അപർണയ്ക്കുള്ളത്.
ഇരുവർക്കും ഇരു ജില്ലകളിൽ നിന്നും വിജയിച്ചു കയറുക എന്നത് എളുപ്പമല്ല. എന്നാലും വ്യത്യസ്ത ആശയങ്ങളും രാഷ്ട്രീയത്തിലെ പരിജ്ഞാനവും ആയുധമാക്കി ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുയയാണ്.ഈ അമ്മയും മകളും.

