ഇസ്ലാമാബാദ് : ടി20 ലോകകപ്പ് വിവാദത്തിൽ ബംഗ്ലാദേശിനെ പരസ്യമായി പിന്തുണച്ച് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി . ഐസിസി നീതിയുക്തമായ തീരുമാനമെടുത്തിട്ടില്ലെന്ന് ഷാഹിദ് അഫ്രീദി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ച 2025 ചാമ്പ്യൻസ് ട്രോഫി മത്സരത്തെ അഫ്രീദി ഉദാഹരണമായി ഉയർത്തിക്കാട്ടി. ഇന്ത്യയേക്കാൾ വ്യത്യസ്തമായാണ് ബംഗ്ലാദേശിനോട് പെരുമാറിയതെന്നും അഫ്രീദി പറഞ്ഞു.
“ബംഗ്ലാദേശിനും ഐസിസി ടൂർണമെന്റുകൾക്കും വേണ്ടി കളിച്ചിട്ടുള്ള ഒരു മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ, ഐസിസിയുടെ ഈ പൊരുത്തക്കേടിൽ ഞാൻ നിരാശനാണ്. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന ടീം ഇന്ത്യയുടെ ആവശ്യം 2025 ൽ ഐസിസി അംഗീകരിച്ചു. എന്നാൽ ബംഗ്ലാദേശിന്റെ കാര്യത്തിൽ സമാനമായ തീരുമാനം എടുക്കുന്നത് ഒഴിവാക്കുകയാണ്,” ഷാഹിദ് അഫ്രീദി പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നീതിയും സ്ഥിരതയും അടിസ്ഥാനമാക്കിയുള്ളതാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരും ആരാധകരും ബഹുമാനം അർഹിക്കുന്നുണ്ടെന്നും അഫ്രീദി പറഞ്ഞു.2026 ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിക്കൊണ്ട് ഐസിസി കടുത്ത തീരുമാനമെടുത്തു. ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡിനെയാണ് ബംഗ്ലാദേശിന് പകരം ഉൾപ്പെടുത്തിയത് .
ഇന്ത്യയില്‍ നിന്നും ലോകകപ്പ് മത്സരങ്ങള്‍ മാറ്റണമെന്ന ബംഗ്ലാദേശിന്റെ നിലപാടിനോട് അനുകൂലമായിരുന്നു പാക്കിസ്ഥാന്. കഴിഞ്ഞാഴ്ചയിലെ ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്റെ നിലപാടിനെ അനുകൂലിച്ചത് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മാത്രമായിരുന്നു. മുസ്താഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന്, സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലദേശ് ഇന്ത്യയിലേക്ക് ലോകകപ്പിനില്ലെന്ന് അറിയിച്ചത്. മല്‍സരവേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയിരുന്നു

