കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയെ ബന്ദിയാക്കി സ്വർണവും, പണവും കവർന്ന് , മയക്കുമരുന്നിന് അടിമയായ ബന്ധു . മള്ളൂശ്ശേരി കൊയിത്തറയിലെ പരേതനായ കെ.സി. ജോസിന്റെ ഭാര്യ സോമ ജോസിനെയാണ് ബന്ധുവായ അരുൺ ബാബു അഞ്ച് മണിക്കൂറോളം ബന്ദിയാക്കിയത്. മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും 1,250 രൂപയും മോഷ്ടിച്ചതായി സോമ നൽകിയ പരാതി പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതൽ അർദ്ധരാത്രി വരെ അരുൺ സോമയെ വീട്ടിൽ ബന്ദിയാക്കി. ഭർത്താവ് മരിച്ചതിനുശേഷം സോമ വീട്ടിൽ തനിച്ചായിരുന്നു താമസം . രണ്ട് പെൺമക്കളും ജർമ്മനിയിലാണ്.
“തിങ്കളാഴ്ച വൈകുന്നേരം, അരുൺ എന്റെ വീട്ടിൽ വന്ന് 100 രൂപ ചോദിച്ചു, ഞാൻ അദ്ദേഹത്തിന് 50 രൂപ നൽകാമെന്ന് പറഞ്ഞു. തുടർന്ന്, മോട്ടോർ ഓഫ് ചെയ്യാനും ശുചിമുറിയിലെ ടാപ്പ് തുറക്കാനും ഞാൻ വീടിനുള്ളിൽ കയറിയപ്പോൾ അയാൾ പെട്ടെന്ന് എന്നെ പിന്തുടർന്ന് എന്റെ കഴുത്തിൽ കത്തി വെച്ചു,” സോമ നൽകിയ പരാതിയിൽ പറയുന്നു.
ഞാൻ നിലവിളിച്ചപ്പോൾ, എന്റെ രണ്ട് കവിളുകളിലും അടിച്ചു, കത്തി വച്ച് എന്റെ വലതുകൈയിൽ കുത്തി പരിക്കേൽപ്പിച്ചു. പിന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി എന്റെ കഴുത്തിൽ ഒരു തുണി കെട്ടി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു – എന്നും സോമ പറയുന്നു.
തന്നെ കെട്ടിയിട്ട ശേഷം അരുൺ കഞ്ചാവ് വലിച്ചതായും തുടർന്ന് സോമയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല എടുത്തുവെന്നും അതിൽ നിന്ന് ‘താലി’ ഊരിമാറ്റി തിരികെ നൽകിയെന്നും , അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പേഴ്സിൽ പണവും എടുത്തുവെന്നും സോമ പറയുന്നു.
സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് അരുൺ ഭീഷണിപ്പെടുത്തിയെന്നും സോമ പറഞ്ഞു. അർദ്ധരാത്രിയോടെയാണ് അരുൺ തന്നെ കെട്ടഴിച്ച് മോചിപ്പിച്ചത്.വീടിനടുത്ത് അരുൺ ഉണ്ടെന്ന് ഭയന്ന് സോമ രാത്രി മുഴുവൻ വീടിനുള്ളിൽ തന്നെ കഴിഞ്ഞു, രാവിലെ മാത്രമാണ് സംഭവത്തെക്കുറിച്ച് അയൽക്കാരെ അറിയിച്ചത്.