ന്യൂഡൽഹി∙ ; നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിൽ യുപി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി യു എ ഇ. ഉത്തർപ്രദേശിൽ നിന്നുള്ള 33 കാരി ഷഹ്സാദി ഖാനാണ് വധശിക്ഷ നൽകിയത് . ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതായി വിദേശകര്യമന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി 28 നാണ് വധശിക്ഷ നടപ്പാക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ അറിയിച്ചു.
മാർച്ച് 5നു മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളുടെ അവസ്ഥ അറിയാൻ ഷഹ്സാദിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്.
വധശിക്ഷയ്ക്ക് മുമ്പ് അവസാന ആഗ്രഹം എന്ന നിലയ്ക്ക് മാതാപിതാക്കളോട് സംസാരിക്കാൻ ഷഹ്സാദിയെ ജയിൽ അധികൃതർ അനുവദിച്ചിരുന്നു . യുപിയിലെ ബന്ദ ജില്ലയിലെ വീട്ടിലേക്ക് ഫോൺ ചെയ്ത ഷഹ്സാദി “ഇത് എന്റെ അവസാന കോൾ ആണ്” എന്നും പറഞ്ഞിരുന്നു.
ഷഹ്സാദിയുടെ മുഖത്ത് കുട്ടിക്കാലത്ത് പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ ആത്മവിശ്വാസക്കുറവുള്ള ഒരു വ്യക്തിയായാണ് അവർ വളർന്നതെന്ന് ഷഹ്സാദിയുടെ സഹോദരൻ പറഞ്ഞു.
യുഎഇയിൽ പ്ലാസ്റ്റിക് സർജറി ഉപയോഗിച്ച് ഷഹ്സാദിയുടെ മുഖത്തെ പാടുകൾ നീക്കം ചെയ്യാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഉസൈർ എന്നയാൾ സോഷ്യൽ മീഡിയ വഴി ഷഹ്സാദിയെ ബന്ധപ്പെടുന്നത്. 2021 ൽ, ഷഹ്സാദി അബുദാബിയിലെത്തി. എന്നാൽ ഉസൈർ ഷഹ്സാദിയെ വീട്ടുജോലിക്കായി തന്റെ ബന്ധുവായ ഫായിസിന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
ഇതിനിടെ ദമ്പതികളുടെ കുട്ടി മരിച്ചു. ഇതിന് കാരണം ഷഹ്സാദിയയാണെന്നായിരുന്നു ദമ്പതികളുടെ ആരോപണം. എന്നാൽ ചികിത്സ കിട്ടാത്തതിനെത്തുടര്ന്നാണു കുഞ്ഞ് മരിച്ചതെന്നു ഷഹ്സാദിയും പിതാവും വാദിച്ചു. 2023 ഫെബ്രുവരിയിലാണ് ഷഹ്സാദി അറസ്റ്റിലാകുന്നത് . 2023 ജൂലൈ 31 ന് വധശിക്ഷയ്ക്ക് വിധിച്ചു.