ന്യൂഡൽഹി : ഫെബ്രുവരി 13 ന് പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം . ഫെബ്രുവരി 19 ന് നടന്ന യോഗത്തിലാണ് ബില്ലിലെ ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2025 ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ പാർലമെന്റിൽ നടന്ന പ്രതിപക്ഷ ബഹളത്തിനിടയിലാണ് പാർലമെന്ററി കമ്മിറ്റി (ജെപിസി) റിപ്പോർട്ട് ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചത്.ജെപിസി റിപ്പോർട്ടിൽ നിന്ന് തങ്ങളുടെ വിയോജിപ്പ് രേഖകൾ മാറ്റിയതായി പ്രതിപക്ഷ എംപിമാർ ആരോപിച്ചിരുന്നു . എന്നാൽ കേന്ദ്രസർക്കാർ ഈ ആരോപണം നിഷേധിച്ചു.
ഇതോടെ മാർച്ച് 10 ന് ആരംഭിക്കാൻ പോകുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബിൽ അവതരിപ്പിക്കാൻ വഴിയൊരുങ്ങി.ബിജെപി നേതാവ് ജഗദാംബിക പാലിന്റെ നേതൃത്വത്തിലുള്ള ജെപിസിയാണ് പ്രതിപക്ഷത്തിന്റെ വിയോജിപ്പുകൾക്കിടയിലും നിയമനിർമ്മാണത്തിൽ നിരവധി ഭേദഗതികൾ നിർദ്ദേശിച്ചത്.
ജനുവരി 30 ന് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ജെപിസി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.ഭേദഗതി വരുത്തി പരിഷ്കരിച്ച ബിൽ ജനുവരി 29 ന് പാനൽ അംഗീകരിച്ചു. ഭരണകക്ഷിയായ എൻഡിഎ അംഗങ്ങൾ നിർദ്ദേശിച്ച 14 ഭേദഗതികൾ അംഗീകരിച്ചെങ്കിലും പ്രതിപക്ഷ എംപിമാർ നിർദ്ദേശിച്ച മാറ്റങ്ങൾ നിരസിക്കപ്പെട്ടു.