ന്യൂഡൽഹി : യാത്രക്കാരോ, വിമാനങ്ങളോ ഇല്ലാതെ പാകിസ്ഥാനിലെ ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം . കഴിഞ്ഞ വർഷം (2024) ഒക്ടോബറിൽ 240 മില്യൺ ഡോളർ ചെലവിലാണ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വാദറിൽ ഈ വിമാനത്താവളം പൂർത്തിയായത്. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ, അത് 2,000 കോടി രൂപ വരും.വിമാനത്താവളം നിർമ്മിച്ച് മൂന്നോ നാലോ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു വിമാനം പോലും ഇവിടെ പറന്നിട്ടില്ല. ഒരു യാത്രക്കാരൻ പോലും ഇവിടെ വന്നിട്ടില്ല.
ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് ചൈന ധനസഹായം നൽകിയിരുന്നു . പാകിസ്ഥാന് പണം കടം കൊടുത്താണ് ചൈന ഈ വിമാനത്താവളം നിർമ്മിച്ചത്. ഈ വിമാനത്താവളം കൊണ്ട് പാകിസ്ഥാന് ഒരു പ്രയോജനവുമില്ല. എങ്കിലും, ചൈനയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ഗ്വാദർ ആദ്യം ഒരു തുറമുഖ നഗരമായിരുന്നു. ചൈനീസ് സാധനങ്ങളുടെ വിൽപ്പനയ്ക്ക് ഗ്വാദർ ഒരു പ്രധാന കണ്ണിയായി മാറിയേക്കാം.
ഈ വിമാനത്താവളത്തിന്റെ ശേഷി 4 ലക്ഷം യാത്രക്കാരാണ്. എന്നാൽ ഗ്വാദർ നഗരത്തിൽ ഒരു ലക്ഷം പോലും ജനസംഖ്യയില്ല. കടബാധ്യതയിൽ വലയുന്ന പാകിസ്ഥാന് ഈ വിമാനത്താവളം ആവശ്യമുണ്ടോ എന്നതാണ് ഇവിടെ പലരും ചോദിക്കുന്നത്.ഗ്വാദർ ഉൾപ്പെടെ ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ ചൈന നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
ഗ്വാദർ മുമ്പ് ഒമാന്റെ ഭരണത്തിൻ കീഴിലായിരുന്നു. ഗ്വാദർ ഒരു ചെറിയ പട്ടണമാണെങ്കിലും, അത് ജനസാന്ദ്രതയുള്ള പ്രദേശമാണ്. ഒടുവിൽ ഒമാൻ അത് പാകിസ്ഥാന് വിട്ടുകൊടുത്തു. ഒമാൻ ഭരിക്കുമ്പോൾ, തൊഴിൽ, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യത്തിന് ഉണ്ടായിരുന്നു. പാകിസ്ഥാനിൽ ചേർന്നതിനുശേഷം എല്ലാം മാറിപ്പോയി എന്ന് നാട്ടുകാർ പറയുന്നു.
ഇത് ഗ്വാദറിന്റെ മാത്രമല്ല, ബലൂചിസ്ഥാൻ പ്രവിശ്യയുടെ മുഴുവൻ കഥയാണ്. ഇവിടുത്തെ ജനങ്ങൾ ഇപ്പോഴും പാകിസ്ഥാനിൽ നിന്ന് വേർപെടാൻ കൊതിക്കുകയും പോരാടുകയും ചെയ്യുന്നു. ചൈനക്കാരെ തുരത്താൻ അവർ ഭീകരാക്രമണങ്ങളും നടത്തുന്നുണ്ട്. ചൈനക്കാരെ സംരക്ഷിക്കുന്നതിനായി പാകിസ്ഥാൻ ഇപ്പോൾ ഗ്വാദറിലും ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളിലും സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.