ന്യൂഡൽഹി ; മഹാകുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലുംപ്പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ 18 പേർ മരിച്ച സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും അല്ലാത്തവർക്ക് 1 ലക്ഷം രൂപയും നൽകുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം . 14, 15 പ്ലാറ്റ്ഫോമുകളിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 18 പേർ മരിച്ചത് . ട്രെയിനുകൾ വൈകിയതിനാൽ സ്വതന്ത്ര സേനാനി എക്സ്പ്രസിലെയും ഭുവനേശ്വർ രാജധാനിയിലെയും യാത്രക്കാരായ ആയിരങ്ങൾ 12, 13, 14 പ്ലാറ്റ്ഫോമുകളിൽ സന്നിഹിതരായിരുന്നു. സ്റ്റേഷനിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ എല്ലാ ദൃക്സാക്ഷികളെയും വിളിച്ചിട്ടുണ്ടെന്നും അന്വേഷണ സമിതിയിലെ അംഗങ്ങളിൽ ഒരാളായ നോർത്തേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ നർസിംഗ് ദിയോ പറഞ്ഞു.
സംഭവത്തിൽ റെയിൽ വേയും വിശദീകരണം നൽകിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ സ്റ്റെയർ കേസിൽ നിന്ന് തെന്നി വീണത് അപകടത്തിനിടയാക്കിയെന്നും , വൻ ആൾക്കൂട്ടമായതിനാൽ തിരക്കിൽപ്പെട്ട് അപകടമുണ്ടാവുകയായിരുന്നുവെന്നാണ് റെയിൽവേ പിആർഒ അറിയിച്ചത്.