കോഴിക്കോട് ; വടകരയിൽ ഒൻപത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷൈജിൽ പിടിയിൽ . യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ ഷൈജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. വിദേശത്ത് തുടരാനുള്ള അപേക്ഷ കോടതി നിരസിച്ചതിനെ തുടർന്നാണ് അറസ്റ്റ്. പ്രോസിക്യൂഷൻ അവതരിപ്പിച്ച എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചിരുന്നു.
ഫെബ്രുവരി 17 നാണ് ദേശീയ പാത കോവിൽ കണ്ണൂർ മേലേ ചൊവ്വ സ്വദേശി സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയുടെ ജീവിതം തന്നെ തകർത്തെറിഞ്ഞ അപകടം നടക്കുന്നത്. അമ്മൂമ്മയുമൊത്ത് വടകര ചോറോടിൽ രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്മൂമ്മ പുത്തലത്ത് ബേബി (62) സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ് കോമയിലായ കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ സ്ഥിര താമസമാണ് കുടുംബം.
ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. വെള്ള കാറാണ് എന്ന തെളിവ് മാത്രമേ പൊലിസിന് ലഭ്യമായിരുന്നുള്ളൂ.അപകടം നടന്നതിന്റെ 40 കി.മീ ചുറ്റളവിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഫെബ്രുവരിയിൽ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. നിരന്തരം നടത്തിയ അന്വേഷണത്തിലൂടെയാണ് വാഹനം കണ്ടെത്തിയത്. മതിലിൽ ഇടിച്ച കാർ ഇൻഷ്വറൻസ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ 500 വർക് ഷോപ്പുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. 50,000 കോൾ വിശദാംശങ്ങൾ പരിശോധിച്ചു. മാരുതി സ്വിഫ്റ്റ് കാറാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 19,000 വാഹന രജിസ്ട്രേഷനുകളും പരിശോധിച്ചു.
വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഇൻഷുറൻസ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ വിവിധ ക്ലെയിമുകളും പരിശോധിച്ചു. ഒടുവിൽ 2024 മാർച്ചിൽ മതിലിലിടിച്ചു എന്ന പേരിൽ ഒരു സ്വിഫ്റ്റ് കാർ ക്ലെയിം ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം ഷൈജിലിന്റേതാണെന്ന് സ്ഥിരീകരിച്ചത്.