തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാന മുഴുനീള ബജറ്റ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ഗഡു ഡി എ കൂടി 2025 ഏപ്രിലിൽ അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാതൃകയിൽ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിസെപ് പദ്ധതിയിൽ 1668 കോടി രൂപ അനുവദിച്ചു. 1605 കോടിയും സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിനത്തിലാണ് നൽകിയത്. ദിവസ വേതനക്കാരുടെ വേതനം 5 ശതമാനം കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു.
സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലിൽ ഇത് നൽകും. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടി ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാർ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.