മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് 150 റൺസിന്റെ പടുകൂറ്റൻ ജയം. ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ടിനെതിരെ ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 247/9 എന്ന ഭീമൻ ടോട്ടൽ ഇന്ത്യ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 10.3 ഓവറിൽ വെറും 97 റൺസിൽ അവസാനിച്ചു.
54 പന്തിൽ 7 ബൗണ്ടറികളുടെയും 13 പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 135 റൺസാണ് വാംഖഡെയിൽ അഭിഷേക് ശർമ്മ അടിച്ചുകൂട്ടിയത്. കഴിഞ്ഞ മത്സരത്തിലെ ഫോം അതേപടി ആവർത്തിച്ച ശിവം ദുബെ 13 പന്തിൽ 30 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാഴ്സ് മൂന്നും മാർക്ക് വുഡ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഏറെക്കുറെ എല്ലാ ഇംഗ്ലീഷ് ബൗളർമാരും നല്ല രീതിയിൽ തല്ല് വാങ്ങി. ഒരു വിക്കറ്റ് എടുത്ത ജോഫ്ര ആർച്ചർ ഇന്ന് 4 ഓവറുകളിൽ വഴങ്ങിയത് 55 റൺസാണ്.
നാണക്കേട് ഒഴിവാക്കാൻ രണ്ടും കൽപ്പിച്ച് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. 23 പന്തിൽ 55 റൺസെടുത്ത ഓപ്പണർ ഫിലിപ്പ് സാൾട്ട് ഒഴികെ മറ്റാർക്കും പിടിച്ചു നിൽക്കാൻ പോലുമായില്ല. 10 റൺസെടുത്ത ജേക്കബ് ബെഥേൽ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിന്നീട് രണ്ടക്കം കടന്നത്. ഇന്ത്യക്ക് വേണ്ടി തിരിച്ചുവരവ് ഗംഭീരമാക്കിയ പേസർ മുഹമ്മദ് ഷമി 3 വിക്കറ്റുകൾ വീഴ്ത്തി. വരുൺ ചക്രവർത്തി, ശിവം ദുബെ എന്നിവർക്ക് 2 വിക്കറ്റുകൾ വീതം ലഭിച്ചു. ബൗളിംഗിലും മികവ് പുലർത്തിയ അഭിഷേക് ശർമ്മ ഒരോവറിൽ 3 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ സ്വന്തമാക്കി.
5 മത്സരങ്ങളുടെ പരമ്പര 3-1ന് നേരത്തേ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു ജയം കൂടി നേടി മുഖം രക്ഷിക്കാനുള്ള ഇംഗ്ലീഷ് മോഹങ്ങളെ ഇന്ത്യ കശക്കി എറിഞ്ഞപ്പോൾ, ഫലം 4-1 എന്ന നിലയിൽ അവസാനിച്ചു.