ശ്രീനഗർ : പതിവ് തെറ്റിക്കാതെ ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിലെ സൈനികർക്കൊപ്പമാണ് മോദി ഇത്തവണ ദീപാവലി ആഘോഷിക്കുക. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് സാധാരണയായി മോദി ദീപാവലി ആഘോഷിക്കുന്നത് .
2014-ൽ അദ്ദേഹം സിയാച്ചിനിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. 2017 ഒക്ടോബർ 19 ന് വടക്കൻ കശ്മീരിലെ ഗുരേസ് സെക്ടറിലും, 2019 ഒക്ടോബർ 27 ന് രജൗരിയിലും , 2021 നവംബർ 4 ന് നൗഷേരയിലുമുള്ള സൈനിക ക്യാമ്പിലായിരുന്നു മോദി ദീപാവലി ആഘോഷിച്ചത്.
സൈനികർക്കൊപ്പം സംവദിച്ച് , മധുരം പങ്കിട്ടുള്ള മോദിയുടെ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ സൈനികരുടെ സംഭാവനകളെയും, ത്യാഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കാറുമുണ്ട്.
ഇത്തവണ പൂഞ്ചിലേയ്ക്ക് പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ആവേശത്തിലാണ് സൈനികർ. ജമ്മു ഡിവിഷൻ അതിർത്തി പ്രദേശങ്ങളിലെ സൈനികരാകും ഇത്തവണ മോദിയ്ക്കൊപ്പം ഉണ്ടാകുക.

