കൊച്ചി : ബലാത്സംഗക്കേസ് പ്രതിയായ ഡോക്ടർ ജോൺസൺ വർഗീസ് പകർത്തിയ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തി പൊലീസ്. ഇയാളുടെ ഫോണിൽ 12 സ്ത്രീകളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.ഡോക്ടർ ഒളിവിലാണെന്നാണ് വിവരം. കേസിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ആസ്റ്റർ മെഡിസിറ്റി അധികൃതർ അറിയിച്ചു. നടിയും കൂട്ടരും പിടിച്ചെടുത്ത ഫോണിൽ നിന്ന് ദ്യശ്യങ്ങൾ പുറത്ത് പോകുമോയെന്ന ഭയത്തിലാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. അതിനിടെ, ഒളിവിൽ പോയ ഡോ. ജോൺസണെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇൻഫോപാർക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്
പരാതിക്കാരി തന്നെയാണ് ഡോക്ടറുടെ ഫോൺ പൊലീസിൽ ഏൽപ്പിച്ചത്. ഇത് പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. മദ്യം നൽകി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞിരുന്നു. പരാതികൾ വരുന്നതിന് അനുസരിച്ച് കൂടുതൽ കേസുകളെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ യുവഡോക്ടറെ ഒരു സംഘം മര്ദിച്ചതിലായിരുന്നു കടവന്ത്ര പൊലീസ് കേസെടുത്തിരുന്നത്. ഇത് അന്വേഷിക്കുന്ന വേളയിലാണ് ഡോക്ടർ നടത്തിയ ലൈംഗിക ചൂഷണത്തിന്റെയും ,ബലാത്സംഗത്തിന്റെയും വിവരങ്ങൾ പുറത്തെത്തിയത്. യുവനടിയുടെ ബന്ധുവിനെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസിന് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചത്. ഡോക്ടറിൽ നിന്ന് നടി തട്ടിയെടുത്തുവെന്ന പറയുന്ന ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതേസമയം മര്‍ദനക്കേസില്‍ യുവനടിയുടെയും, ബിപിന്‍ പെരുമ്പള്ളിയുടെയും ജാമ്യാപേക്ഷകൾ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. അന്വേഷണം ആദ്യഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

