ന്യൂഡൽഹി ; രാം ലീല മൈതാനത്ത് നടന്ന ഇൻഡിയ സഖ്യത്തിന്റെ റാലിയെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്ന രീതിയിൽ നടത്തിയ റാലിയിൽ ജനക്കൂട്ടത്തെ കാണിക്കുന്ന ചിത്രം എ ഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും, എന്നാൽ അതുപോലും ശരിയായി ചെയ്യാൻ കോൺഗ്രസിന് അറിയില്ലെന്നും കിരൺ റിജിജു പറഞ്ഞു .
കോൺഗ്രസ് എംപി വംശി ഗദ്ദമയും പാർട്ടിയിലെ മറ്റ് നേതാക്കളും റാലിയിലെ ജനക്കൂട്ടത്തെ കാണിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ ഇത് എ ഐ ചിത്രമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എ ഐ ചിത്രങ്ങളിൽ ഒന്നിൽ സ്റ്റേജിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ചിത്രങ്ങളായിരുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും വ്യക്തമായിരുന്നു.
റാലിയ്ക്ക് മുന്നോടിയായി പത്ത് ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. എന്നാൽ അമ്പതിനായിരം പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന മൈതാനിയിൽ പത്ത് ലക്ഷം പേരെ അണിനിരത്തിയുള്ള റാലി നടത്തുമെന്ന് പറയുന്നത് കളവാണെന്ന് ബിജെപി എം പി സമ്പിത് പത്ര ആരോപിച്ചിരുന്നു.

