പാട്യാല : ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി വച്ച രണ്ട് എം എൽ എ മാർ ബിജെപിയിൽ ചേർന്നു . ഹർമീത് സിംഗ് പത്താൻമജ്ര, ചേതൻ സിംഗ് ജോറമജ്ര എന്നിവരാണ് ബിജെപിയിൽ ചേർന്നത് . ഒപ്പം അമൃത്സർ നോർത്ത് മണ്ഡലത്തിലെ എം എൽ എ സ്ഥാനം രാജി വച്ച കുൻവർ വിജയ് പ്രതാപ് സിംഗും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.
പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ രാജി ആം ആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത് . ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മൂന്ന് നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചത് . പഞ്ചാബിന്റെ ചുമതലയുള്ള ബിജെപി നേതാവ് സതീഷ് പൂനിയ, സഹ ചുമതലയുള്ള വീരേന്ദ്ര സച്ച്ദേവ , മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേതാക്കൾ പാർട്ടി മാറുന്നത് സാധാരണ സംഭവമാണെന്ന് പറഞ്ഞ ബിജെപി പഞ്ചാബ് അധ്യക്ഷൻ കേവൽ സിംഗ് ധില്ലൺ, വരാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ എഎപി പരാജയപ്പെടുമെന്നും വ്യക്തമാക്കി.
എ എ പിയെ അധികാരത്തിലേറ്റിയത് പഞ്ചാബിലെ ജനങ്ങൾക്ക് പറ്റിയ തെറ്റാണെന്നും, ലഹരി ഉപയോഗം മുതൽ സംസ്ഥാനത്തെ ക്രമസമാധാനം വരെ താറുമാറിലായെന്നും ധില്ലൺ പറഞ്ഞു.

