തിരുവനന്തപുരം : മന്ത്രി അറിയാതെ പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ. രണ്ട് ഉദ്യോഗസ്ഥർ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് വിവരം. ഉദ്യോഗസ്ഥർ മുൻപും സമാനമായ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കും.
അപേക്ഷ നൽകി 24 മണിക്കൂറുകൾക്കുള്ളിൽ ആണ് ബാറുകൾക്ക് ലൈസൻസ് നൽകിയത് . മൂവാറ്റുപുഴയിലെ ബാർ ലൈസൻസിനായി അപേക്ഷിച്ചത് ജൂൺ 23നാണ്. ജൂൺ 24 ന് ലൈസൻസ് നൽകി.സംഭവത്തിൽ ലൈസൻസ് നൽകിയ രണ്ട് ഡെപ്യൂട്ടി കമ്മീഷണർ സസ്പെൻഷനിലാണ്.
വീര്യം കൂടിയ വൈനിന് അനുമതി നല്കിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്കിയ രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സസ്പെന്‍ഷനില്‍ ആകുന്നത്. ബിയർ ആന്റ് വൈർ പാർലറുകൾക്ക് തരം മാറ്റിയാണ് അനുമതി നൽകിയത് . എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി കെ സതീഷ്, കോട്ടയം ഇൻ ചാർജുള്ള പത്തനംതിട്ട ഡി സി ഷിബു പി എൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മന്ത്രി അറിയാത്ത തരത്തിൽ സിസ്റ്റം ഉണ്ടാക്കി വച്ചാൽ മന്ത്രി അത് തിരുത്തുമെന്നും, സർക്കാർ നയം അനുസരിച്ച് മാത്രമേ ഇനി എന്ത് തീരുമാനങ്ങളും ഉണ്ടാകൂവെന്നും എക്സൈസ് മന്ത്രി എം ലിജു മുന്നറിയിപ്പ് നൽകിയിരുന്നു. യുഡി എഫ് സർക്കാരിന്റെ മദ്യനയം പുറത്ത് വരുന്നതിന് മുൻപായി പുതിയ ബാറുകൾക്ക് അനുമതി നൽകാൻ പാടില്ല എന്ന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥരുടെ ഇടപെടൽ.

