ന്യൂഡൽഹി : ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പല ലോകനേതാക്കളും പങ്കെടുക്കുന്നുണ്ട് . ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞയ്ക്ക് ട്രംപ്-വാൻസ് കമ്മിറ്റിയുടെ ക്ഷണപ്രകാരം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയ പ്രസ്താവനയിൽ പറയുന്നു. ഈ അവസരത്തിൽ വരുന്ന മറ്റ് ചില നേതാക്കളുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്.
തുടർച്ചയായി രണ്ടാം തവണയും വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്ന ആദ്യ പ്രസിഡൻ്റാണ് ട്രംപ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഡൊണാൾഡ് ട്രംപ് വാഷിംഗ്ടണിലെ തെരുവുകളിലൂടെ പരേഡ് ചെയ്യുകയും പൊതുജനങ്ങളിൽ നിന്ന് ആശംസകൾ സ്വീകരിക്കുകയും ചെയ്യും.