ന്യൂഡൽഹി : ഭർത്താവിനൊപ്പം ജീവിച്ചില്ലെങ്കിലും ഭാര്യക്ക് ജീവനാംശം ലഭിക്കുമെന്ന് സുപ്രീം കോടതി.പല കാരണങ്ങളാൽ ഭാര്യ ഭർത്താവിനൊപ്പം താമസിക്കുന്നില്ലെങ്കിലും ജീവനാംശത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. . ചീഫ് ജസ്റ്റിസ് (സിജെഐ) ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജാർഖണ്ഡിൽ നിന്നുള്ള ദമ്പതികളുടേ കേസ് പരിഗണിക്കുകയായിരുന്നു കോടതി. 2014 മെയ് 1 നാണ് ഇവർ വിവാഹിതരായത് . എന്നാൽ 2015 ഓഗസ്റ്റിൽ ഭാര്യ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ഭർത്താവ് റാഞ്ചിയിലെ കുടുംബ കോടതിയെ സമീപിച്ചു. ഭാര്യയെ തിരികെ കൊണ്ടുവരാൻ പലതവണ ശ്രമിച്ചിട്ടും പിന്നീട് തിരിച്ചെത്തിയില്ലെന്നും ഭർത്താവ് പറഞ്ഞു.
പണത്തിനായി ഭർത്താവ് തന്നെ പീഡിപ്പിക്കാറുണ്ടെന്നാണ് ഭാര്യ കോടതിയിൽ പറഞ്ഞത്. ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്നും യുവതി പറഞ്ഞു . കേസിൽ ഭർത്താവ് ഭാര്യക്ക് പ്രതിമാസം 10,000 രൂപ ജീവനാംശം നൽകണമെന്ന് കുടുംബകോടതി ഉത്തരവിട്ടു.എന്നാൽ ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ യുവതി നൽകിയ അപ്പീലിലാണ് ജീവനാംശം നൽകാൻ കോടതി വിധിച്ചത്.