ശബരിമല : തിരുവാഭരണ ഘോഷയാത്ര നാളെ ഉച്ചക്ക് പന്തളത്ത് നിന്ന് ആരംഭിക്കും. പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 14ന് സംഘം സന്നിധാനത്ത് എത്തും. 14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ ദേവസ്വം, സര്‍ക്കാര്‍ പ്രതിനിധികള്‍ ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തി ദീപാരാധന നടത്തും. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുകയും ആകാശത്ത് മകര നക്ഷത്രം ഉദിക്കുകയും ചെയ്യും. 14 ന് രാവിലെ 8.45 നാണ് മകരസംക്രമ പൂജ നടക്കുക.
15,16,17,18 തീയതികളില്‍ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ ദര്‍ശിക്കാം. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കും. മകരവിളക്ക് ദിവസം മുതല്‍ മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നെള്ളത്ത് ആരംഭിക്കും. മകരം ഒന്നിന് മണിമണ്ഡപത്തില്‍ കളമെഴുത്തിന് തുടക്കമാകും. മകരം ഒന്നു മുതല്‍ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തില്‍ വരക്കുക.
പന്തളം കൊട്ടാരത്തില്‍നിന്നും എത്തിക്കുന്ന പഞ്ചവര്‍ണ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത്. 14 മുതല്‍ 17 വരെ പതിനെട്ടാംപടിവരെയും 18 ന് ശരംകുത്തിയിലേക്കുമാണ് എഴുന്നള്ളത്ത്. 19 ന് മണിമണ്ഡപത്തിന് മുന്പില് ചൈതന്യശുദ്ധിക്കായി ഗുരുതി നടക്കും. 20 ന് നട അടയ്ക്കും. തിരുവാഭരണഘോഷയാത്രയെ അനുഗമിച്ച് എത്തുന്ന പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് 20 ന് ദര്‍ശനത്തിന് അവകാശമുള്ളൂ.
ദര്‍ശനം പൂര്‍ത്തിയാക്കി പന്തളം രാജപ്രതിനിധി പടിയിറങ്ങി ശബരിമല ചെലവുകള്‍ക്കുള്ള പണക്കിഴിയും താക്കോല്‍ക്കൂട്ടവും ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കൈമാറും. തിരുവാഭരണത്തിനൊപ്പം രാജപ്രതിനിധി പന്തളത്തേക്ക് തിരിക്കുന്നതോടെ മകരവിളക്ക് മഹോത്സവം സമാപിക്കും.