തിരുവനന്തപുരം : പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. വിത്തുകളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ വയനാട്ടിലെ ഗോത്രസമൂഹത്തിന്റെ കാർഷിക സംസ്കൃതിയെ പുനരുജ്ജീവിപ്പിക്കാനായാണ് തന്റെ ജീവിതം മാറ്റി വച്ചത്. കാർഷിക രംഗത്തിനുള്ള സമഗ്രസംഭാവന മാനിച്ച് രാജ്യം 2023 ലാണ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചത്.
1952-ൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്. 15-)0 വയസ്സിൽ വയലിലേക്കിറങ്ങിയ രാമൻ കൃഷിയുടെ പുതുവഴികളിലൂടെയൊന്നും സഞ്ചരിച്ചില്ല. കുടുംബത്തിലെ കാരണവർ മരിക്കുമ്പോൾ പൈതൃകമായി തന്നേല്പ്പിച്ച നാലു വിത്തുകളുമായി നെൽകൃഷിയിൽ സജീവമായി. വിഷം തീണ്ടാത്ത വയലും നെല്ലുമൊരുക്കി മുന്നോട്ട് പോയി. . വർഷങ്ങൾ നീണ്ട യാത്രയ്ക്കിടെ രാമൻ ശേഖരിച്ചത് അമ്പതിലധികം പൈതൃക വിത്തുകളാണ്
ആരുവന്നു ചോദിച്ചാലും രാമൻ വിത്തു നൽകും. പണം വാങ്ങില്ല. പകരം, കൃഷിചെയ്ത് വിത്തു മടക്കിത്തരണമെന്നു മാത്രം പറയും. ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഹൈദരാബാദിൽ നടന്ന കോൺഫ്രൻസിൽ 193 രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചെറുവയൽ രാമനാണ്.

