ഡബ്ലിൻ: അയർലൻഡിൽ ഇന്ന് പൊതുമേഖലാ ജീവനക്കാർ സമരം ചെയ്യും. ശമ്പളകരാർ പുതുക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ചാണ് പൊതുമേഖലയിലെ ജീവനക്കാർ ഇന്ന് സമരം ചെയ്യുന്നത്. ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കുക. പണി മുടക്കിനെ തുടർന്ന് ഇന്ന് പൊതുജനങ്ങൾക്കായുള്ള സേവനങ്ങളിൽ വലിയ തടസ്സം നേരിടും.
നഴ്സുമാർ, ഡോക്ടർമാർ, അധ്യാപകർ, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 24 മണിക്കൂർ നേരത്തേയ്ക്കാണ് പണിമുടക്ക്. അതിനാൽ ഇന്ന് സ്കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് തടസ്സം നേരിടും. ഇന്നത്തേതിന് ശേഷം സമവായം ആയില്ലെങ്കിൽ ഈ മാസം 21 ന് വീണ്ടും പണിമുടക്ക് നടത്താനാണ് ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിട്ടുള്ളത്.

