കേരള രാഷ്ട്രീയ ചരിത്രത്തിലെ ചാണക്യൻ , അതായിരുന്നു കെ കരുണാകരൻ . കോൺഗ്രസുകാർ എന്നും ലീഡർ എന്ന ഓമനപ്പേരിൽ വിളിച്ച കരുണാകരനാണ് സംസ്ഥാനത്ത് ആദ്യമായി അഴിമതിക്കേസിൽ അകപ്പെട്ട മുഖ്യമന്ത്രി . ഇപ്പോഴിതാ ചരിത്രം ആവർത്തിക്കുന്നു . വീണ്ടുമൊരു അഴിമതിക്കേസിൽ മറ്റൊരു മുഖ്യമന്ത്രി കൂടി പ്രതിസ്ഥാനത്ത് . അതും സിപിഎം വാനോളം പുകഴ്ത്തിയ ക്യാപ്റ്റൻ പിണറായി വിജയനും.
1991- 96 ലെ കെ.കരുണാകരൻ മന്ത്രിസഭാ കാലത്താണ് പാമോലിൻ കേസിന്റെ ഉത്ഭവം. കേരളത്തിലെ ഭക്ഷ്യ എണ്ണയുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ മലേഷ്യയിൽനിന്നു പാമൊലിൻ ഇറക്കുമതി ചെയ്തതിൽ വലിയ അഴിമതി നടന്നുവെന്ന് നിയമസഭയിൽ ഉന്നയിച്ചത് അച്യുതാനന്ദൻ ആയിരുന്നു.

ടെൻഡർ വിളിക്കാതെ മലേഷ്യൻ കമ്പനിക്ക് ഉയർന്ന നിരക്കിൽ കരാർ നൽകിയെന്നും സർവീസ് ചാർജിനത്തിൽ അവർക്ക് ഉയർന്ന നിരക്ക് നൽകുക വഴി സംസ്ഥാന സർക്കാരിന് 2.32 കോടിയുടെ നഷ്ടം വരുത്തിയെന്നതായിരുന്നു ആരോപണം. ഭക്ഷ്യ എണ്ണയ്ക്ക് ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുവദിച്ചുള്ള കേന്ദ്ര സർക്കാരിന്റെ സർക്കുലറിന്റെ മറവിലായിരുന്നു 15,000 ടൺ പാമോലിൻ ഇറക്കുമതി ചെയ്തത്. ഇടപാടിൽ അഴിമതി നടന്നതായി സംസ്ഥാന അക്കൗണ്ടന്റ് ജനറലും കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറലും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഇറക്കുമതി ഫയലുകളുടെ കോപ്പികൾ സഹിതമാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിച്ചത്. കേന്ദ്രസർക്കാർ ഇറക്കിയ സർക്കുലറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ഇറക്കുമതി നടത്തിയതെന്ന് വി.എസ് സഭയിൽ രേഖകൾ സഹിതം പ്രസ്താവിച്ചു . അന്നത്തെ യു.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ കാര്യമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിലും തൊട്ടുപിന്നാലെ വന്ന ഇടതു സർക്കാർ കേസ് നടപടികൾ ഊർജ്ജിതമാക്കി. ഒരു മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയുള്ള അഴിമതി കേസ് എന്ന ഖ്യാതിയും പാമോലീൻ കേസിനാണ്. കെ.കരുണാകരൻ അന്തരിക്കും വരെ കേസ് തുടർന്നു.
ഒരുവിഭാഗം കോൺഗ്രസുകാരാണു തിരക്കഥ ചമച്ചതെന്നായിരുന്നു അന്ന് കരുണാകരന്റെ മകൻ കെ മുരളീധരൻ പ്രതികരിച്ചത് . മുപ്പത് വർഷങ്ങൾക്കിപ്പുറം പന്ത് യുഡിഎഫിന്റെ കോർട്ടിലാണ് . പ്രതിസ്ഥാനത്ത് എൽ ഡി എഫും .

കരിമണൽ കൊണ്ട് കോടീശ്വരനായ പുല്ലുവഴിക്കാരനാണ് ശശിധരൻ കർത്ത . നിലവിലെ നിയമപ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇന്ത്യയില്‍ കരിമണല്‍ ഖനനത്തിന് അനുമതിയുള്ളൂ. കേരളത്തില്‍ പ്രധാനമായും ഐ.ആര്.ഇ.എല്‍ സംസ്ഥാന സര്‍ക്കാരിന്റെ കെ.എം.എം.എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് നേരിട്ട് ഖനനം നടത്തുന്നത്.പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് മണല്‍ വാങ്ങി ശുദ്ധീകരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കുന്ന കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സിംഎംആര്‍എല്‍ എന്ന കമ്പനിയുടെ എം ഡി ഡോ. എസ്.എന്‍. ശശിധരന് കര്‍ത്ത എന്ന കരിമണല്‍ കര്‍ത്തയാണ്.
വി.എസ്. മുഖ്യമന്ത്രിയായിരുന്ന 2009-2010 കാലഘട്ടത്തിലാണ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശശിധരന് കര്‍ത്തയുടെ പേര് രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ പത്മശ്രീക്കായി കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തത്. അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം വഴിയാണ് ഈ നീക്കം നടന്നത്. നിലവിൽ സിഎംആർഎൽ കമ്പനിയും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ പേരിലാണ് നടത്തിയതെന്ന കർത്തയുടെ മൊഴിയാണ് പിണറായിയെ തിരിഞ്ഞ് കൊത്തിയത്.
വീണ്ടും രാഷ്ട്രീയ കേരളം അഴിമതിക്കേസിന്റെ അറിയാക്കഥകൾക്ക് പിന്നാലെയാണ്. പുറത്ത് വരാനിരിക്കുന്നതാകട്ടെ വമ്പൻ സ്രാവുകളുടെ വിവരങ്ങളും.

