ഡബ്ലിൻ: അയർലൻഡിലെ മോട്ടോർവേകളിലൂടെ തെറ്റായ ദിശയിൽ വാഹനം ഓടിക്കുന്ന സംഭവങ്ങളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ഇതുവരെ 62 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡിന്റെ മോട്ടോർവേ ഓപ്പറേഷൻസ് കൺട്രോൾ സെന്ററാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 32 ശതമാനം വർധനവാണെന്ന് ടിഐഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിച്ചതിന് 85 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം മാർച്ച്, ജൂൺ, സെപ്തംബർ എന്നീ മാസങ്ങളിലാണ് ഏറ്റവും ഉയർന്ന നിലയിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, ജൂലൈ, നവംബർ മാസങ്ങളിലാണ് ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത്.

