ബെൽഫാസ്റ്റ്: റോബി ബട്ലർ സ്റ്റോർമോണ്ടിന്റെ പുതിയ ആരോഗ്യമന്ത്രി. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ ദിവസം മുൻ മന്ത്രി മൈക്ക് നെസ്ബിറ്റ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബട്ലറെ ആരോഗ്യമന്ത്രിയായി നിയമിച്ചത്. അൾസ്റ്റർ യൂണിയനിസ്റ്റ് എംഎൽഎയാണ് ബട്ലർ.
യുയുപി നേതാവ് ജോൺ ബറോസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് മൈക്ക് നെസ്ബിറ്റ് പദവിയൊഴിഞ്ഞത്. ഡെറിയിലെ കൊളറൈനിലുള്ള കോസ്വേ ഹോസ്പിറ്റലിൽ നിന്ന് അടിയന്തര ജനറൽ സർജറി പിൻവലിക്കാനുള്ള നിർദ്ദേശത്തെ ചൊല്ലിയായിരുന്നു ഭിന്നത. കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ ഈ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ബറോസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് രാജി. ആരോഗ്യമന്ത്രിയുടെ സ്ഥാനം എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ചുമതലയേറ്റെടുത്ത ശേഷം ബട്ലർ പറഞ്ഞു. അതുകൊണ്ട് തന്നെ ശുഭാപ്തിവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ഈ പദവി ഏറ്റെടുക്കുന്നു. പാഴാക്കാൻ ഇനി തനിക്ക് സമയമില്ല. ജോലികളിൽ മുഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു.

