തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ .ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് തീരുമാനം. അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉള്ളതായാണ് വിവരം . വിഷയത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രി ദേവസ്വം വിജിലൻസിന് നിർദ്ദേശം നൽകി.
അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറെ ഏൽപ്പിച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, ശബരിമലയിലേക്ക് നെയ്യ് വിതരണം ചെയ്തതിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം മിൽമ ചെയർമാൻ കെ.എസ്. മണി നിഷേധിച്ചു.
മിൽമ ഒരു ക്രമക്കേടും നടത്തിയിട്ടില്ലെന്നും ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മിൽമ നെയ്യ് സംഭരണം നിർത്താൻ തീരുമാനിച്ചുവെന്നുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് വിതരണം ചെയ്യുന്ന നെയ്യിന്റെ ഗുണനിലവാര പ്രശ്നങ്ങൾ ദേവസ്വം ബോർഡ് മിൽമയെ അറിയിച്ചിട്ടില്ലെന്നും ചരക്കിനുള്ള മുഴുവൻ തുകയും ബോർഡ് ഇതിനകം നൽകിയിട്ടുണ്ടെന്നും മണി പറഞ്ഞു.
ദേവസ്വം വിജിലൻസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണങ്ങളെ സ്വാഗതം ചെയ്ത അദ്ദേഹം, മിൽമ ഇതിനോട് പൂർണ്ണമായും സഹകരിക്കുമെന്നും ആരുടെയെങ്കിലും ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

