കാസർകോട് : പെരിയ ഇരട്ടക്കൊല കേസിൽ വിചാരണ പൂർത്തിയായി. സിബിഐ അന്വേഷണം നടത്തിയ കേസിൽ ഈ മാസം 28 ന് എറണാകുളം സിബിഐ കോടതി വിധി പറയും .
കേസിൽ ആദ്യം ലോക്കൽ പോലീസിലെ പ്രത്യേക സംഘവും, ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. പിന്നീട് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ നിയമ പോരാട്ടത്തിനൊടുവിലാണ് സിബിഐക്ക് കേസ് കൈമാറിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ 270 സാക്ഷികളാണുള്ളത്. സിബിഐ അന്വേഷണം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ കോടികൾ ചിലവാക്കി വാദം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17നാണ് കൊലപ്പെടുത്തിയത്. മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി തുടങ്ങി കേസിൽ 24 പ്രതികളാണുള്ളത്. പീതാംബരൻ ഒന്നാം പ്രതിയും, കെ വി കുഞ്ഞിരാമൻ ഇരുപതാം പ്രതിയുമാണ്. പ്രതികളായ 14 പേരെ ക്രൈം ബ്രാഞ്ചും 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്.