ആലപ്പുഴ: ചെങ്ങന്നൂർ- ചെറിയനാട് സ്റ്റേഷനിൽ കൊല്ലം-എറണാകുളം മെമുവിന് സ്വീകരണം ഒരുക്കാൻ കാത്തു നിന്ന കൊടിക്കുന്നിൽ സുരേഷ് എം പി ഉൾപ്പെടെയുള്ളവരുടെ മുന്നിൽ ട്രെയിൻ ചീറിപാഞ്ഞ് കടന്നു പോയി.
ചെങ്ങന്നൂർ- ചെറിയനാട് സ്റ്റേഷനിൽ മെമുവിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു . ട്രെയിന് സ്വീകരണം നൽകാനായാണ് രാവിലെ ഏഴേകാലോടെ എം പി യുംകൂട്ടരും സ്റ്റേഷനിൽ എത്തിയത്.എന്നാൽ കാത്തു നിന്നവർക്ക് മുന്നിലൂടെ ട്രെയിൻ കുതിച്ചു പാഞ്ഞുപോയപ്പോൾ അവരും ഒന്നമ്പരന്നു.
ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമായിരുന്നു. നിരന്തരം ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത് . സ്റ്റോപ്പിൽ നിർത്താതെ വന്നതോടെ എറണാകുളത്തേയ്ക്ക് മെമുവിൽ പോകാൻ എത്തിയവരും പ്രതിസന്ധിയിലായി.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി റെയിൽ വേ അധികൃതർ രംഗത്തെത്തി.ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണിതെന്നും തിരികെ വരുമ്പോൾ നിർത്തുമെന്നുമാണ് റെയിൽ വേ അറിയിച്ചത് .