പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമരയുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി . ചെന്താമര നാളെ ഓൺലൈനിൽ ഹാജരാകും. കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കഴിഞ്ഞ ദിവസം ഐപിസിയിലെ 103(I), 126(II) വകുപ്പുകൾ പ്രകാരം ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2025 ജനുവരി 27 ന് നെന്മാറയിലെ പോത്തുണ്ടിയിലെ ബോയൻ കോളനിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി ചെന്താമരയാണ്. 2019 ഓഗസ്റ്റ് 31 ന് സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ചെന്താമരയെ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചു. സജിത വധക്കേസിന്റെ വിചാരണയ്ക്കിടെ പരോളിൽ എത്തിയപ്പോഴാണ് സുധാകരനെയും ലക്ഷ്മിയെയും ഇയാൾ കൊലപ്പെടുത്തിയത്. തന്റെ ഭാര്യ തന്നിൽ നിന്ന് അകന്നുപോകാൻ കാരണക്കാരി സജിതയാണെന്ന് പറഞ്ഞായിരുന്നു ആദ്യ കൊലപാതകം.

