തിരുവനന്തപുരം: തെക്കൻ വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനടുത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് മരിച്ച കൊട്ടാരക്കര ചന്തമുക്ക് കൃപ നഗർ ആവിയോട് ഹൗസിലെ വിക്ടറി ഗ്രൂപ്പ് ഉടമ എ വി തോമസ് എന്ന ജോമോൻ (57), ഭാര്യ ലൊവേണി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പ്രത്യേക എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിനെ തുടർന്നാണ് മൃതദേഹങ്ങൾ ഇന്നലെ മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മൃതദേഹങ്ങൾ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. കൊട്ടാരക്കരയിൽ നിന്നുള്ള നോർക്ക പ്രതിനിധികൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാർ അന്ത്യോപചാരം അർപ്പിച്ചു.
നോർക്ക ഒരുക്കിയ ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകുന്നത്. മാർത്തോമ വലിയപള്ളിയിലുള്ള കുടുംബ കല്ലറയിൽ നാളെ വൈകുന്നേരം 4 മണിക്കാണ് സംസ്കാരകർമ്മങ്ങൾ നടക്കുക .
ബോട്ട് അപകടത്തിൽ 15 ഇന്ത്യക്കാരാണ് മരിച്ചത് . അപകടവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ക്യാപ്റ്റനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ക്യാപ്റ്റന്റെ ഭാഗത്തുനിന്നുള്ള നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ബോട്ട് ജീവനക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി പോലീസ് പറഞ്ഞു.

