ദുബായ്: ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ . ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഇറാനിയൻ സൈനിക കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണിത് . ഇന്ന് പുലർച്ചെയോടെയാണ് യുഎസ്-ഇറാൻ സംഘർഷം ഇറാന് പുറത്തേക്ക് വ്യാപിച്ചത്.
140 സൈനിക കേന്ദ്രങ്ങളിൽ യുഎസ് പുതിയ ആക്രമണം ആരംഭിച്ചതോടെ ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു. യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയുള്ള കണ്ടെയ്നർ കപ്പലായ M/V GFS ഗാലക്സിയെ ഇറാൻ ആക്രമിച്ചിരുന്നു. ഇത് കപ്പലിന് സാരമായ കേടുപാടുകൾ വരുത്തുകയും അതിലെ ജീവനക്കാർ കപ്പൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയും ചെയ്തു.അതിനു പിന്നാലെയാണ് അമേരിക്ക 140 ഓളം ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചത്.
യുഎസ് നടപടിക്ക് മണിക്കൂറുകൾക്ക് ശേഷം, അമേരിക്കൻ സൈനിക താവളങ്ങളെ പിന്തുണയ്ക്കുന്ന നിരവധി ഗൾഫ് അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു.ബഹ്റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈറ്റ് എന്നിവിടങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇറാനിയൻ മിസൈലുകൾ തടഞ്ഞതായി ഖത്തർ സൈന്യം പറഞ്ഞു. ബഹ്റൈനും കുവൈത്തും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. വരുന്ന മിസൈൽ, ഡ്രോൺ ഭീഷണിയെക്കുറിച്ച് യുഎഇ പൊതു മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .
അമേരിക്കൻ ആക്രമണങ്ങൾക്ക് പ്രതികാരമായി ഗൾഫിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളും റഡാർ സൈറ്റുകളും ലക്ഷ്യമിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു.

