ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മാർക്കോ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. യുവപ്രേക്ഷകരുടെ വലിയ കൂട്ടം തിയറ്ററുകളിലേക്ക് എത്തിയതോടെ ചിത്രം വമ്പന്‍ കളക്ഷനാണ് നേടുന്നത്. ആദ്യദിനം 10.8 കോടി നേടിയ ചിത്രം വാരാന്ത്യത്തില്‍ വന്‍ നേട്ടം സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ഇപ്പോൾ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള . ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾക്കും , അപമാനത്തിനും പലിശ സഹിതം ജനങ്ങൾ ഉത്തരം നൽകിയെന്നാണ് അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്.
‘ പരിശ്രമവും കാത്തിരിപ്പും ഒരു മനുഷ്യനെ വിജയത്തിൽ എത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉണ്ണിയുടെ സിനിമാ ജീവിതം, ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾ അപമാനം എല്ലാത്തിനും പലിശ സഹിതം ജനങ്ങൾ ഉത്തരം കൊടുക്കുന്ന ദിവസം വരുമെന്ന് എനിക്ക് ഉറപ്പുണ്ടാരുന്നു അതിന്റെ അടുത്ത തെളിവാണ് മാർക്കോ.കാത്തിരിക്കുന്നു അളിയാ നമ്മുടെ അടുത്ത സിനിമയ്ക്കായി ‘ അഭിലാഷ് പിള്ള കുറിച്ചു.
മലയാളത്തിലെ ഏറ്റവും വയലന്റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ.