ധാക്ക : മതമൗലികവാദത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കർ തലവനും നൊബേല് ജേതാവുമായ മുഹമ്മദ് യൂനുസ് . രാജ്യത്തെ പുനർനിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബ്രിട്ടീഷ് മാസികയായ ‘ദ ഇക്കണോമിസ്റ്റി’ന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് യൂനുസ് പറഞ്ഞു.
ദ ഇക്കണോമിസ്റ്റ് 2024 ലെ ‘ഏറ്റവും മികച്ച രാജ്യം’ ആയി ബംഗ്ലാദേശിനെയാണ് തിരഞ്ഞെടുത്തത്. ‘ സന്തോഷത്തിൻ്റെയോ പണത്തിൻ്റെയോ അടിസ്ഥാനത്തിലല്ല, കഴിഞ്ഞ 12 മാസത്തിനിടെ രാജ്യം ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഈ ബഹുമതി നൽകുന്നത്.‘ ദ ഇക്കണോമിസ്റ്റ് അധികൃതർ വ്യക്തമാക്കുന്നത് . ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ ഗവൺമെൻ്റിൻ്റെ പതനവും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് രാജ്യത്തിന് ഒരു പുതിയ അധ്യായത്തിൻ്റെ തുടക്കവുമാണ് ‘കൺട്രി ഓഫ് ദ ഇയർ’ ആയി ബംഗ്ലാദേശിനെ തിരഞ്ഞെടുക്കാനുള്ള കാരണമായി പറയുന്നത്.
ബംഗ്ലാദേശിൽ ഇസ്ലാമിക തീവ്രവാദം തിരിച്ചുവരാനുള്ള സാധ്യതയെക്കുറിച്ചും, യുഎസ്, ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകളെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യം ഉണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു യൂനുസിന്റെ മറുപടി. രാജ്യത്തെ യുവാക്കൾക്ക് മതത്തോട് നിഷ്പക്ഷ മനോഭാവമാണുള്ളത് . പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയും അവർക്കുണ്ടെന്നാണ് യൂനുസ് പറയുന്നത്.
അടുത്തിടെ നടന്ന ജനകീയ പ്രക്ഷോഭത്തിന് പിന്നിലെ ചാലകശക്തി യുവാക്കളാണെന്നും യൂനുസ് പറഞ്ഞു . “നമ്മൾ യുവജങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കലാപത്തിൽ സ്ത്രീകൾ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തെ മറ്റേതൊരു യുവാക്കളെയും പോലെ അവർ മുൻപന്തിയിലായിരുന്നു. നാം നമ്മുടെ യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും വേണം.“ – യൂനുസ് പറഞ്ഞു .
അതേസമയം ഷെയ്ഖ് ഹസീനയെ അധികാരഭ്രഷ്ടനാക്കിയതിന് ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടരുകയാണ്. പല ക്ഷേത്രങ്ങളിലും ഹിന്ദു ജനവാസ കേന്ദ്രങ്ങളിലും അക്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുണ്ട്. രാജ്യത്ത് മതമൗലികവാദത്തിന് സ്ഥാനമില്ലെന്ന് യൂനുസ് അവകാശപ്പെടുമ്പോഴും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തടയാൻ അദ്ദേഹത്തിൻ്റെ സർക്കാർ കർശനമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.