കൽപ്പറ്റ : വയനാട്ടിൽ തുരങ്ക പാതയിൽ മണ്ണിടിച്ചിൽ . കനത്ത മഴയെത്തുടർന്ന് കല്ലടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തുരങ്ക നിർമ്മാണ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. രണ്ട് പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്
18 ലേറെ പേർ കുടുങ്ങിക്കിടക്കുകയാണ് . മണ്ണ് നീക്കി പരിശോധിക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ട് . മണ്ണിടിഞ്ഞ് ഷെഡുകൾക്ക് മുകളിലേയ്ക്ക് വീഴുകയായിരുന്നു. എട്ട് കുടുംബങ്ങളെ സംഭവസ്ഥലത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. പരിക്കേറ്റ ആറ് പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദ്ദേശം നൽകി. വാഹനങ്ങളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഒരു ബസ് പൂർണ്ണമായും അവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടു. മണ്ണിടിച്ചിലിന്റെ സമയത്ത് എത്ര വാഹനങ്ങൾ ഈ പ്രദേശത്തുകൂടി കടന്നുപോയി എന്ന് അറിയില്ല. തിരച്ചിൽ തുടരുകയാണ് .അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന . അതേസമയം മഴ കനത്തത്തോടെ ജൂൺ 12 മുതൽ തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുകയായിരുന്നുവെന്നാണ് നിർമ്മാണ കമ്പനി അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ തൊഴിലാളികളും കുറവായിരുന്നു.
മണ്ണ് ഇടിഞ്ഞ് വീണതിന്റെ മറുഭാഗത്തെ വീടുകളിൽ നിന്നുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത് . എന്നാൽ മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

