തിരുവനന്തപുരം ; തിരുനെൽവേലിയിൽ ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേരെ സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തു. മായാണ്ടി, മനോഹരന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ലക്ഷങ്ങള്‍ വാങ്ങി കേരളത്തില്‍നിന്ന് മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഇവിടെ തള്ളിയതാണെന്ന് പൊലീസ് പറഞ്ഞു..
തിരുനെല്‍വേലിയിലെ നടുക്കല്ലൂര്‍, കൊടകനല്ലൂര്‍, പലാവൂര്‍ ഭാഗങ്ങളിലാണ് ട്രക്കുകളില്‍ എത്തിച്ച മാലിന്യം തള്ളിയത്. മാലിന്യം കൊണ്ടുവന്ന് തളളുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്.
ബിജെപിയും എഐഡിഎംകെയും എം ഡി എംകെയും തമിഴ്നാട് സര്‍ക്കാരിനെതിരെ രംഗത്തുവന്നു. കേരളത്തില്‍നിന്നു മാലിന്യം തള്ളുന്നവര്‍ക്ക് ഡിഎംകെ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ സെല്ലില്‍ പരാതി ലഭിച്ചിട്ടും അവഗണിച്ചു. മാലിന്യം തള്ളുന്നതു തുടര്‍ന്നാല്‍ ലോറിയില്‍ കയറ്റി മാലിന്യങ്ങള്‍ തിരികെ കേരളത്തിലേക്ക് കൊണ്ടുപോകുമെന്നും അണ്ണാമലൈ മുന്നറിയിപ്പു നല്കി.
അതേസമയം, റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്നു മാലിന്യം ശേഖരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയിരുന്നു.