ടെഹ്റാൻ: പിതാവും ഇറാന്റെ മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിൽ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഹൊസൈനി ഖമേനി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഇസ്രായേലുമായുള്ള സംഘർഷത്തിനിടെ സുരക്ഷാ ആശങ്കകൾ മൂലമാണ് ഈ തീരുമാനം. ഇന്ത്യയിലെ ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹി ഇക്കാര്യം സ്ഥിരീകരിച്ചു.
ഇസ്രായേലുമായുള്ള തർക്കത്തിനിടെ മൊജ്തബ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് അപകടകരമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കരുതുന്നു. മൊജ്തബ ജനങ്ങളെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, സുരക്ഷാ ക്രമീകരണങ്ങൾ കാരണം അദ്ദേഹം ചടങ്ങിൽ പങ്കെടുത്തേക്കില്ല.
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ഈ മാസം 4, 5 തീയതികളിലായി നടക്കും. ടെഹ്റാനിൽ വിടവാങ്ങൽ ചടങ്ങ്, ശവസംസ്കാര പ്രാർത്ഥനകൾ, ഘോഷയാത്ര എന്നിവ നടത്താനാണ് തീരുമാനം . ആദ്യ പരിപാടി പൊതുജനങ്ങൾക്കുള്ള വിടവാങ്ങൽ ചടങ്ങും ശവസംസ്കാര പ്രാർത്ഥനയും ആയിരിക്കും. ടെഹ്റാനിലെ ഇമാം ഖമേനി ഗ്രാൻഡ് പ്രാർത്ഥനാ ഗ്രൗണ്ടിൽ ഇത് നടക്കും. ഇവിടെ, ഖമേനിയുടെ മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനും ശവസംസ്കാര പ്രാർത്ഥനകൾ നടത്താനും ആളുകൾക്ക് കഴിയും.വിടവാങ്ങലിൽ 20 ദശലക്ഷം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈ 5 ന് രാവിലെയാണ് ശവസംസ്കാര പ്രാർത്ഥന . കൂടാതെ, വിടവാങ്ങൽ ചടങ്ങ് ദിവസം മുഴുവൻ തുടരും. പരിപാടികൾ വിപുലമായ തോതിൽ സംഘടിപ്പിക്കാൻ ഇറാൻ സർക്കാർ തയ്യാറെടുത്തിട്ടുണ്ട്. ചടങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഉദ്യോഗസ്ഥർ പറഞ്ഞു.

